സല്‍മാന്‍ഖാന്റെ വീടിന് നേരെ വെടിവെപ്പ്; ഉത്തരവാദിത്വം ഏറ്റെടുത്ത് അധോലോകനായകന്‍ അന്‍മോല്‍ ബിഷ്ണോയി

മുംബൈ: സല്‍മാന്‍ ഖാന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അധോലോക നേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്ണോയി. തമാശയല്ലെന്നും, തങ്ങളെ നിസ്സാരമായി കരുതരുതെന്നും ഇത് അവസാന താക്കീതാണെന്നും അന്‍മോല്‍ ബിഷ്ണോയി സമൂഹമാധ്യമത്തില്‍ കുറിച്ചു. സല്‍മാന്റെ വീട്ടിലാണ് ഇനി വെടിവെപ്പ് നടക്കുകയെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ വീടിന് മുന്നില്‍ വെടിവെപ്പ് നടന്നത്. വെടിയുതിര്‍ക്കുന്നത് സിസിടിവിയില്‍ പതിഞ്ഞ രണ്ട് പേര്‍ ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്നുള്ളവരാണെന്നും ഗുണ്ടാസംഘം ലോറന്‍സ് ബിഷ്ണോയിയുടെ സംഘത്തില്‍ പെട്ടവരാണെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. മുംബൈ ബാന്ദ്ര പോലീസ് സ്റ്റേഷന്‍ പരിധിയിലെ സല്‍മാന്‍ ഖാന്റെ വസതിയായ ഗാലക്‌സി അപ്പാര്‍ട്ട്‌മെന്റിന് മുന്നിലാണ് വെടിവെപ്പുണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെ 4.55-ഓടെയായിരുന്നു സംഭവം. നടന്റെ വീടിന് മുന്നിലേക്ക് ബൈക്കിലെത്തിയ രണ്ടുപേര്‍ മൂന്നുതവണ ആകാശത്തേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ ബാന്ദ്ര പൊലീസ് അന്വേഷണം ആരംഭിച്ചു. നടന്റെ വീടിന് പുറത്തും പരിസരത്തും കനത്ത പൊലീസ് കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം വീടിന് നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ മൂന്ന് പേര്‍ മുംബൈ പൊലീസിന്റെ കസ്റ്റഡിയിലായിട്ടുണ്ട്. ആക്രമണം നടത്തിയവര്‍ക്ക് വാഹനസഹായം നല്‍കിയവരടക്കമുള്ള മൂന്ന് പേരാണ് പൊലീസിന്റെ കസ്റ്റഡിയിലായത്. വിദേശ നിര്‍മ്മിത തോക്ക് ഉപയോഗിച്ചാണ് വെടിവെപ്പ് നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. നിലവില്‍ വൈപ്ലസ് കാറ്റഗറി സുരക്ഷയാണ് സല്‍മാന്‍ ഖാനുള്ളത്. പുതിയ സംഭവത്തോടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള ഒരുക്കത്തിലാണ് പൊലീസ്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page