വീട്ടുകാർ വിദേശത്ത്; വീട്ടിൽ സൂക്ഷിച്ചത് 350 പവനിലധികം സ്വർണം; എല്ലാം അടിച്ചുമാറ്റി കള്ളന്മാർ

പൊന്നാനിയിൽ അടച്ചിട്ട വീട് കുത്തി തുറന്ന് വൻ കവർച്ച. പൊന്നാനി സ്വദേശി മണൽതറയിൽ രാജീവിന്റെ വീട്ടിലാണ് കവർച്ച നടന്നത്. വീട്ടിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 350 പവനോളം സ്വർണം നഷ്‌ടമായി. രാജീവും കുടുംബവും വിദേശത്താണ് താമസിക്കുന്നത്. വിഷുവിന് രാവിലെ വീട് വൃത്തിയാക്കാനെത്തിയ ജോലിക്കാരിയാണ് കവർച്ച നടന്ന വിവരം ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ വിവരം വീട്ടുകാരെയും പൊലീസുകാരെയും അറിയിച്ചു. സംഭവത്തിൽ പൊന്നാനി പൊലീസ് അന്വേഷണം ആരംഭിച്ചു.
കുടുംബത്തോടൊപ്പം ദുബായില്‍ താമസിക്കുന്ന രാജീവും കുടുബവും രണ്ട് ആഴ്ച മുമ്പാണ് നാട്ടില്‍ വന്ന് തിരിച്ച് പോയത്. ശനിയാഴ്ച വൈകീട്ട് 4 മണിയോടെ വീട് വൃത്തിയാക്കാനായി എത്തിയ ജോലിക്കാരിയാണ് വീടിന്റെ പുറക് വശത്തെ ഗ്രില്ല് പൊട്ടിച്ച നിലയില്‍ കണ്ടത്. അകത്ത് കയറി നോക്കിയപ്പോള്‍ റൂമുകളും അലമാരകളും തുറന്നിട്ട നിലയില്‍ കാണുകയായിരുന്നു. ഇവര്‍ വിവരം അറിയിച്ചതനുസരിച്ച് ബന്ധുക്കളെത്തി രാജീവിനെ വിളിച്ച് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലോക്കറില്‍ സൂക്ഷിച്ച 2 കോടിയോളം രൂപ വില വരുന്ന 350 പവനോളം സ്വര്‍ണ്ണം മോഷണം പോയതായി അറിയുന്നത്.
മലപ്പുറം എസ്പി, തിരൂര്‍ ഡിവൈഎസ്പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കൂടുതല്‍ പരിശോധനക്ക് ശേഷം മാത്രമേ നഷ്ടപ്പെട്ട വസ്തുക്കളുടെ കൃത്യമായ വിവരം ലഭിക്കുകയുള്ളു. തിരൂര്‍ ഡിവൈഎസ്പി പി.പി ഷംസിന്റെ നേതൃത്വത്തിൽ കേസില്‍ അന്വേഷണം പുരോഗമിക്കുന്നു. വീട്ടിലെ സിസിടിവി ഉപകരണങ്ങളും നശിപ്പിച്ചിട്ടുണ്ട്. വീടിനെ കുറിച്ചും വീട്ടുകാരെക്കുറിച്ചും നന്നായി അറിയുന്ന കള്ളന്മാരാണ് പിന്നിൽ എന്നാണ് സംശയം.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page