ഉപനിഷത് സാഗരം-9 ഛാന്ദോഗ്യോപനിഷത്ത് ആറാം അധ്യായം- ഖണ്ഡം ഒന്ന്

കെ. ബാലചന്ദ്രന്‍

വിദ്യ കൊണ്ട് കൈവരിക്കേണ്ട പ്രഥമമായ ഗുണം വിനയമാണ്. മകന്റെ ബ്രഹ്‌മബന്ധു ഭാവം മാറ്റാന്‍ വേണ്ടിയാണ് ശ്വേത കേതുവിനെ പന്ത്രണ്ടുവര്‍ഷം ഗുരുകുലത്തില്‍ പാര്‍ത്ത് പഠിക്കാന്‍ നിയോഗിച്ചത്. എന്നാല്‍ തിരിച്ചുവന്നപ്പോള്‍ മകനില്‍ കണ്ട അഹന്തയും പൊങ്ങച്ചവും ഉദ്ദാലകന് അതിയായ വിഷമമുണ്ടായി. അതു മാറ്റിയെടുക്കുന്നതിനാണ് അവനോട് മര്‍മ്മത്തില്‍ കൊള്ളുന്ന ഒരു ചോദ്യം ഉന്നയിച്ചത്. അത് ശ്വേത കേതുവിന്റെ അഹന്തക്കേറ്റ മാരകമായ ഒരു പ്രഹരമായി. അവന്‍ പത്തി താഴ്ത്തി കൊണ്ട് പിതാവിനോട് പറഞ്ഞു. അങ്ങനെയുള്ള ഒരു അറിവിനെക്കുറിച്ച് എനിക്കറിയില്ല. അതെന്താണെന്ന് പറഞ്ഞു തരു. അത് കേട്ടപ്പോള്‍ പിതാവിന് ആശ്വാസമായി. അദ്ദേഹം പറഞ്ഞു തുടങ്ങി.

മന്ത്രം: യഥാ സോമ്യേകേന മൃത്പിണ്ഡേന സര്‍വ്വം മൃണ്‍മയം
വിജ്ഞാതം സ്യാദ്
വാചാരംഭണം വികാരോനാമധേയം. മൃത്തികേത്യേവസത്യം.
4
യഥാസോമ്യേകേനലോഹമണിനാസര്‍വ്വം ലോഹമയം
വിജ്ഞാതംസ്യാദ്
വാചാരംഭണം വികാരോനാമധേയം. ലോഹമിത്യേവസത്യം
5
യഥാ സോമ്യേകേന നഖനികൃന്തനേന സര്‍വ്വം കാര്‍ഷ്ണ
യസംവിജ്ഞാതം സ്യാദ്.
വാചാരംഭണം വികാരോനാമധേയം. കൃഷ്ണായ സമിത്യേവസത്യം
6
ഏവം സോമ്യ സ ആദേശോഭവതി
സാരം: അല്ലയോ സൗമ്യ,

ഒരു മണ്‍കട്ടയെ അറിഞ്ഞാല്‍ മണ്ണുകൊണ്ടുണ്ടാക്കിയ എല്ലാ വസ്തുക്കളെയും അറിയാന്‍ കഴിയും. വികാര (മാറ്റം) എന്നത് വാക്കിനെ ആശ്രയിച്ചുള്ള പേരു മാത്രമാകുന്നു. മണ്ണ് മാത്രമാണ് സത്യം.
അല്ലയോ സൗമ്യ,
ഇരുമ്പു കൊണ്ട് നിര്‍മ്മിച്ച ഒരു നഖം വെട്ടിയുടെ പൊരുളറിഞ്ഞാല്‍ ഇരുമ്പു കൊണ്ടുണ്ടാക്കിയ എല്ലാ വസ്തുക്കളെയും അറിയാന്‍ കഴിയുന്നു. വികാരമെന്നത് വാക്കുകളെ ആശ്രയിച്ചുള്ള നാമം മാത്രമാകുന്നു. കാരിരുമ്പ് മാത്രമാണ് സത്യമായിട്ടുള്ളത്. ഇപ്രകാരമാണ് നീ ചോദിച്ച ആ ആദേശം.
ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. മകന്റെ ഔദ്ധത്യവും അപക്വവുമായ പെരുമാറ്റം ഉണ്ടായിട്ടും ഉദ്ദാലകന്‍ മകനെ സംബോധന ചെയ്യുന്നത് അല്ലയോ സൗമ്യ എന്നാണ്. ഇത് നമുക്കെല്ലാവര്‍ക്കും ഒരു പാഠമാണ്. മക്കള്‍ എന്തൊക്കെ വികൃതിത്തരങ്ങള്‍ കാണിച്ചാലും അവരോട് നെഗറ്റീവായ ഒരു വാക്കു പോലും ഉപയോഗിക്കരുത് എന്ന സൂചന. ഭാരതത്തിലെ ഹൈന്ദവ ഋഷീശ്വരന്മാര്‍ ലോകത്തിന് നല്‍കുന്ന ഉത്കൃഷ്ടമായ ഒരു സന്ദേശമാണത്. നമ്മുടെ ഉപനിഷത്തുകളാകട്ടെ അവയുടെ സാരസര്‍വ്വസ്വമായ ഭഗവത്ഗീതയാകട്ടെ മറ്റു ആധ്യാത്മിക ശാസ്ത്രഗ്രന്ഥങ്ങളാകട്ടെ ശിഷ്യന്മാരുടെ ആത്മീയവും ഭൗതികവുമായ ഉയര്‍ച്ചയ്ക്കുതകുന്ന പ്രോത്സാഹനജനകമായ രീതിയിലല്ലാതെ സംബോധന ചെയ്യാറില്ല. ‘അമൃതസ്യ പുത്രാ: ശൃണോതു’ അമൃതസ്വരൂപികളെ കേട്ടാലും എന്നല്ലാതെ പാപികളെ കേട്ടോളു എന്നൊരിടത്തും പറഞ്ഞതായി അറിയില്ല. കാരണം പാപികള്‍ ഇല്ല. പാപം മാത്രമേ ഉള്ളു. ഗീതയില്‍ ഭഗവാന്‍ അര്‍ജ്ജുനനെ, പരന്തപ, ഭാരത പുരുഷര്‍ഷഭ തുടങ്ങിയ പേരുകളിലാണ് അഭിസംബോധന ചെയ്യുന്നത്.
അതിന് ശേഷം ഉദ്ദാലകന്‍ മകന്റെ ഗുരുവിന്റെ സ്ഥാനം ഏറ്റെടുത്തു കൊണ്ട് അവനെ യഥാര്‍ത്ഥ സത്യത്തെക്കുറിച്ച് പഠിപ്പിക്കാന്‍ ആരംഭിക്കുന്നു. ഇവിടെ അതിന് മൂന്ന് വ്യത്യസ്ത ഉദാഹരണങ്ങളെയാണ് അദ്ദേഹം അവലംബിക്കുന്നത്. ആദ്യമായി കളിമണ്ണിനെയും കളിമണ്‍ ഉല്‍പ്പന്നങ്ങളെയുമാണ് ഉദാഹരിക്കുന്നത്. ‘സര്‍വ്വം മൃണ്‍മയം വിജ്ഞാതംസ്യാദ്”. എല്ലാ കളിമണ്‍ വസ്തുക്കളിലുമുള്ള സത്യം കളിമണ്ണ് മാത്രമാണ്. ആദ്യം ഒരു മണ്‍കട്ടയായിരുന്നു. അത് മണ്‍പാത്രങ്ങള്‍ക്കുള്ള ഉപാധാന കാരണമാണ്. അതിനെ കുശവന്‍ എന്ന ”നിമിത്ത കാരണം” അദ്ദേഹത്തിന്റെ കരവിരുതിനാല്‍ വ്യത്യസ്തങ്ങളായ ചട്ടി, കലം, കുടം, പൂച്ചട്ടി, കൂജ തുടങ്ങിയ വസ്തുക്കള്‍ നിര്‍മ്മിക്കുന്നു. അവയ്ക്ക് ഓരോന്നിനും ഓരോ രൂപമായതിനാല്‍ ആരൂപത്തിനനുസരിച്ച നാമവും നല്‍കുന്നു. മണ്‍കട്ടയെന്ന കാരണം മണ്‍ പാത്രങ്ങളായ കാര്യങ്ങളുണ്ടായപ്പോള്‍ അവ പല നാമങ്ങളില്‍ അറിയപ്പെട്ടു. എന്നാല്‍ എല്ലാ മണ്‍പാത്രങ്ങളിലുമുള്ള അടിസ്ഥാന വസ്തു മണ്ണ് മാത്രമാണ്. ഇതാണ് കാര്യകാരണ സിദ്ധാന്തം. ഈ ഉദാഹരണത്തില്‍ പറയും പോലെ ഈ പ്രപഞ്ചസൃഷ്ടിക്കു മുമ്പ് ഇവിടെ ഏകവും അദ്വിതീയവുമായ ബ്രഹ്‌മം മാത്രമേ ഉണ്ടായിരുന്നുള്ളു. സൃഷ്ടി പ്രക്രിയ ആരംഭിച്ചപ്പോള്‍ അതേ ബ്രഹ്‌മം തന്നെ പല രൂപങ്ങളില്‍ പല നാമങ്ങളില്‍ നാനാത്വ പ്രപഞ്ചമായി പരിണമിച്ചു. മണ്‍പാത്ര നിര്‍മ്മാണത്തില്‍ മണ്ണെണ്ണ ഉപാധാന കാരണവും കുശവനെന്ന നിമിത്ത കാരണവും വെവ്വേറെയാണ്. എന്നാല്‍ പ്രപഞ്ച സൃഷ്ടിയില്‍ ഉപാധാന കാരണവും നിമിത്ത കാരണവുംബ്രഹ്‌മം മാത്രമാണ്. ഈ മര്‍മ്മം ഗ്രഹിച്ചു കഴിഞ്ഞാല്‍ ആത്മജ്ഞാനവും ബ്രഹ്‌മജ്ഞാനവും അനുഭവിച്ചറിയാന്‍ കഴിയുമെന്നാണ് ആചാര്യന്മാര്‍ ഉദ്ഘോഷിക്കുന്നത്. ”സ്ഥാലീപുലാകന്യായം” -ഒരു കലത്തിലെ ഒരു വറ്റ് നോക്കിയാല്‍ മുഴുവന്‍ ചോറിന്റെയും വേവറിയാന്‍ സാധിക്കും എന്ന ന്യായം. ഈ പ്രപഞ്ചത്തിലെ ഏതെങ്കിലും ഒരു വസ്തുവിന്റെ തത്വം ഗ്രഹിച്ചു കഴിഞ്ഞാല്‍ സര്‍വ്വ പ്രപഞ്ചത്തിന്റെയും സത്യം അറിയാന്‍ സാധിക്കും.
ഇത് പോലെത്തന്നെയാണ് മറ്റു രണ്ട് ഉദാഹരങ്ങളിലൂടെയും വ്യക്തമാകുന്നത്. ഒരേ ഒരു സ്വര്‍ണ്ണക്കട്ടി തന്നെ സ്വര്‍ണ്ണപ്പണിക്കാരന്‍ മനോഹരങ്ങളായ വിവിധ ആഭരണങ്ങളുണ്ടാക്കുമ്പോള്‍ അവയുടെ രൂപത്തിനനുസരിച്ച് വ്യത്യസ്ത നാമങ്ങളുണ്ടാകുന്നു. എന്നാല്‍ സ്വര്‍ണ്ണമെന്നതാണ് എല്ലാ ആഭരണങ്ങളുടെയും അടിസ്ഥാനസത്യം. അതുപോലെ ഒരു നഖം വെട്ടിയില്‍ അടങ്ങിയിരിക്കുന്ന-അല്ലെങ്കില്‍ അതിന്റെ കാരണമായ ഇരുമ്പിന്റെ തത്വം ഗ്രഹിച്ചാല്‍ ഇരുമ്പ് കൊണ്ടുണ്ടാക്കിയ എല്ലാ വസ്തുക്കളുടെയും അടിസ്ഥാന തത്വം വ്യക്തമാകുന്നു. ഇപ്രകാരം നാമരൂപാത്മകമായ ഈ പ്രപഞ്ചത്തിന്റെ മൂലകാരണമായ സത്യം ഏകവും അദ്വിതീകവും ഏതവസ്ഥയിലും മാറ്റത്തിന് വിധേയമാകാത്തതും എല്ലാ അറിവുകളെയും അറിയുന്ന പരമമായ അറിവുമായ ബ്രഹ്‌മമാണ് എന്ന സത്യം നിനക്കറിയാമോ എന്നാണ് ഗുരുവും പിതാവുമായ ഉദ്ദാലകല്‍ ശ്വേത കേതുവിനോട് ചോദിച്ചത്. അത് ശ്വേതകേതുവിനെ സംബന്ധിച്ച് ഒരു പുതിയ അറിവായിരുന്നു. അവന്‍ പിതാവിനോട് പറഞ്ഞു.

(തുടരും)

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page