ഇസ്രായേല്‍ കോടീശ്വരന്റെ ഉടമസ്ഥതയിലുള്ള കപ്പല്‍ ഇറാന്‍ സൈന്യം പിടിച്ചു; ബന്ദിയാക്കപ്പെട്ടവരിൽ ജീവനക്കാരായ 2 മലയാളികളും

ടെഹ്‌റാന്‍: ഇസ്രായേല്‍ കോടീശ്വരന്റെ ഉടമസ്ഥതയിലുള്ള കപ്പല്‍ ഇറാന്‍ സൈന്യം പിടിച്ചു. ഹോര്‍മുസ് കടലിടുക്കിനോട് ചേര്‍ന്നുള്ള സ്ഥലത്ത് വച്ചാണ് കപ്പല്‍ പിടിച്ചെടുത്തത്. യുകെ മാരിടൈം ട്രേഡ് ഓപറേഷന് ഇതുസംബന്ധിച്ച വിവരം ലഭിച്ചു. കപ്പലില്‍ 2 മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാരുമുണ്ടെന്നാണ് വിവരം.
ഇസ്രായേലി കോടീശ്വരന്‍ ഇയാല്‍ ഓഫറിന്റെ കമ്പനിയുടേതാണ് കപ്പല്‍. ഫുജൈറ തുറമുഖത്തോട് ചേര്‍ന്നുള്ള സ്ഥലത്ത് വച്ച് പോര്‍ച്ചുഗീസ് പതാക വഹിച്ചുള്ള എംഎസ്‌സി ഏരീസ് എന്ന കപ്പലാണ് പിടിച്ചതെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കപ്പല്‍ ഇറാന്‍ തീരത്തേക്ക് അടുപ്പിച്ചുവെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.
ഇസ്രായേലും ഇറാനും തമ്മില്‍ പോര് ശക്തമാണ്. സിറിയയിലെ ഇറാന്റെ എംബസി ഇസ്രായേല്‍ ആക്രമിച്ചതാണ് പുതിയ പ്രതിസന്ധിക്ക് കാരണം. ഇറാന്റെ രണ്ട് സൈനിക കമാന്റര്‍മാര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. എന്തുവന്നാലും ഇതിന് തക്കതായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ നേതാക്കള്‍ വ്യക്തമാക്കി. വേണ്ടി വന്നാല്‍ ഹോര്‍മുസ് കടലിടുക്ക് പാത അടയ്ക്കുമെന്ന് ഇറാന്‍ സൈന്യത്തിന്റെ നാവിക സേനാ മേധാവി അലി റസാ തങ്‌സിരി പറഞ്ഞിരുന്നു.
കപ്പല്‍ ഇറാന്‍ സൈന്യം പിടിക്കുന്ന ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എപി പുറത്തുവിട്ടു. കപ്പലിലെ ജീവനക്കാരിൽ കപ്പലിൽ 2 മലയാളികളുമുണ്ട്. ഇവര്‍ക്ക് പുറമെ മറ്റു ജീവനക്കാരും കപ്പലിലുണ്ട്. പാലക്കാട് സ്വദേശിയാണ് ഒരു മലയാളി. പിടികൂടുന്നതിന് മുമ്പ് ഇവര്‍ ബന്ധുക്കളുമായി സംസാരിച്ചിരുന്നു. കപ്പലിലേക്ക് ഇറാന്‍ സൈനികര്‍ ഹെലികോപ്റ്ററില്‍ എത്തി ചാടി ഇറങ്ങുകയായിരുന്നുവത്രെ. കപ്പലിലെ ജീവനക്കാരുമായി ബന്ധപ്പെടാന്‍ ഇതുവരെ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിട്ടില്ല.
ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ സൈന്യത്തിന് ഉപരോധിക്കാന്‍ സാധിക്കുന്ന പ്രദേശമാണ്. ലോകത്തെ കടല്‍ ചരക്കുപാതയില്‍ പ്രധാനപ്പെട്ടതാണ് ഹോര്‍മുസ് കടലിടുക്ക്. ഈ പാത തടഞ്ഞാല്‍ ലോകത്തെ ചരക്കു ഗതാഗതം സ്തംഭിക്കും. നേരത്തെ ചെങ്കടല്‍ പാത യമനിലെ ഹൂതികള്‍ ഉപരോധിച്ചിരുന്നു. ഇസ്രായേലിലേക്ക് പോകുന്നതും വരുന്നതുമായ കപ്പലുകള്‍ ഇവര്‍ ആക്രമിച്ചതോടെ ഇസ്രായേല്‍ വെട്ടിലായിരുന്നു.
ഇനി ഹോര്‍മുസ് കൂടി തടയപ്പെട്ടാല്‍ ഇസ്രായേല്‍ മാത്രമല്ല, അറബ് രാജ്യങ്ങളും കുരുക്കിലാകും. ഏഷ്യയിലേക്കുള്ള എണ്ണ ചരക്കു കപ്പലുകള്‍ കൂട്ടത്തോടെ പോകുന്നത് ഇതുവഴിയാണ്. ഹോര്‍മുസ് തടയുന്നതോടെ എണ്ണവില കുതിച്ചുയരും. മത്രമല്ല, സ്വര്‍ണവിലയും വര്‍ധിക്കാന്‍ കാരണമാകും. നിക്ഷേപകര്‍ ആശങ്കയിലായാല്‍ സ്വര്‍ണത്തിലേക്ക് തിരിയുന്നതാണ് സ്വര്‍ണവില ഉയര്‍ത്തുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page