സര്‍വ്വകാല റെക്കോര്‍ഡില്‍ സ്വര്‍ണവില; പവന് 53,000 കടന്നു; ഇന്ന് 800 രൂപ വര്‍ധിച്ചു

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു. വീണ്ടും സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. പവന് ഇന്ന് 800 രൂപയാണ് ഒറ്റയടിക്ക് വര്‍ധിച്ചത്. ഇതോടെ ആദ്യമായി 53000 ത്തിന് മുകളിലെത്തി. ഒരു പവന്‍ സ്വര്‍ണത്തിന് 800 രൂപ വര്‍ധിച്ച് 53,760ലേക്കെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് കൂടിയത് 100 രൂപയാണ്. ഇതോടെ ഗ്രാമിന് 6720 രൂപയായി വിപണന നിരക്ക്. ഈ മാസം ഇതുവരെ 2880 രൂപയാണ് സ്വര്‍ണത്തിന് വര്‍ധിച്ചത്. ഒരു പവന്‍ ആഭരണ രൂപത്തില്‍ ലഭിക്കാന്‍ ഇനി 60,000 രൂപയ്ക്ക് മുകളില്‍ നല്‍കേണ്ടി വരും.
അന്താരാഷ്ട്ര സ്വര്‍ണ്ണവില 2383 ഡോളറും, ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 83.38 ആണ്. 24 കാരറ്റ് സ്വര്‍ണ്ണകട്ടിക്ക് ബാങ്ക് നിരക്ക് കിലോഗ്രാമിന് 75 ലക്ഷം രൂപയായി.
ഇന്നലെ സംസ്ഥാനത്ത് സ്വര്‍ണം പവന് 80 രൂപ കൂടി 52,960 രൂപയിലും ഗ്രാമിന് പത്ത് രൂപ വര്‍ധിച്ച് 6620 രൂപയിലുമാണ് വ്യാപാരം നടന്നത്. സംസ്ഥാനത്ത് കഴിഞ്ഞ ആറ് ദിവസമായി സ്വര്‍ണവില തുടര്‍ച്ചയായി റെക്കോര്‍ഡിടുകയാണ്. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കുന്നതിനാല്‍ സ്വര്‍ണ്ണത്തിലുള്ള നിക്ഷേപങ്ങള്‍ വര്‍ധിക്കുകയാണ്. വര്‍ദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍ നിക്ഷേപകരെ സ്വര്‍ണം പോലുള്ള സുരക്ഷിതമായ നിക്ഷേപങ്ങളിലേക്ക് നയിക്കുന്ന കാരണമാണ് വില ഉയരുന്നത്.
ലോകരാജ്യങ്ങളിലെ യുദ്ധങ്ങളും അമേരിക്ക പലിശ നിരക്ക് കുറച്ചതുമാണ് ഇപ്പോഴത്തെ സ്വര്‍ണവില വര്‍ധനവിന് കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്വര്‍ണവില അറുപതിനായിരം കടക്കാനാണ് സാധ്യത.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page