പാനൂർ സ്ഫോടനം; സിപിഎം വാദത്തെ തള്ളി പൊലീസ്; ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് റിമാൻഡ് റിപ്പോർട്ട്; ലക്ഷ്യം രാഷ്ട്രീയ എതിരാളികൾ

കണ്ണൂര്‍: പാനൂർ സ്ഫോടനത്തിൽ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി റിമാൻഡ് റിപ്പോർട്ട്‌. ബോംബ് നിർമ്മിച്ചത് ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പാർട്ടി പ്രവർത്തകർക്കോ ഡിവൈഎഫ്ഐ പ്രവർത്തകർക്കോ ബോംബ് സ്ഫോടനവുമായി ബന്ധമില്ലെന്ന് സിപിഐമ്മും ഡിവൈഎഫ്ഐയും ആവർത്തിക്കുമ്പോഴാണ് ഡ‍ിവൈഎഫ്ഐ പ്രവർത്തകർ ബോംബ് നിർമ്മിച്ചത് രാഷ്ട്രീയ എതിരാളികളെ ലക്ഷ്യം വെച്ചെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കിയിരിക്കുന്നത്. സായൂജ്, അമൽ ബാബു എന്നിവരുടെ റിമാൻഡ് റിപ്പോർട്ടിലാണ് പരാമർശം. കേസിലെ 12 പ്രതികളും സി.പി.എം പ്രവർത്തകരെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഡിവൈഎഫ്ഐ കുന്നോത്ത്പറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാലാണ് മുഖ്യ ആസൂത്രകനെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്‌ഫോടനത്തിൽ പാർട്ടിക്ക് ബന്ധമില്ലെന്നാണ് സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കൾ തുടക്കം മുതൽ പറയുന്നത്. അതേസമയം കേസിൽ അറസ്റ്റിലായവരെല്ലാം ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ്. സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടയാളുടെ വീട് സി.പി.എം പാനൂർ ഏരിയാ കമ്മിറ്റി നേതാക്കൾ സന്ദർശിച്ചിരുന്നു. മാനുഷിക പരിഗണവെച്ചാണ് സന്ദർശിച്ചത് എന്നായിരുന്നു ഇതിൽ മുഖ്യമന്ത്രിയുടെ പ്രതികരണം.
സന്നദ്ധ പ്രവർത്തകരായ ഡിവൈഎഫ്ഐ നേതാക്കളെയാണ് കേസിൽ പ്രതികളാക്കിയതെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദന്റെ വിശദീകരണം പൊലീസ് ശരിവെക്കുന്നില്ല. സ്ഫോടനത്തിന് പിന്നിൽ ക്വട്ടേഷൻ സംഘങ്ങളാണ്, ഡിവൈഎഫ്ഐയിൽ നിന്ന് പുറത്താക്കിയവരാണ് എന്നിങ്ങനെയുള്ള വാദങ്ങൾ പാർട്ടിയിൽ നിന്ന് ഉയർന്നെങ്കിലും സ്ഫോടനക്കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതികൾ ഡിവൈഎഫ്ഐ നേതാക്കളായതോടെ സ്ഫോടനത്തിൽ ഡിവൈഎഫ്ഐയ്ക്ക് പങ്കില്ലെന്നും നേതാക്കൾ സംഭവം അറിഞ്ഞ് അവിടെ ഓടിയെത്തിയവരാണെന്നുമായിരുന്നു സംഘടന സംസ്ഥാന സെക്രട്ടറി വി കെ സനോജിന്റെ വിശദീകരണം. എന്നാൽ റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നതോടെ ഈ വാദങ്ങളും അപ്രസക്തമായി. പാനൂര്‍ കൈവേലിക്കല്‍ മുളിയാത്തോട് ഏപ്രിൽ 5ന് പുലർച്ചെ ഒരു മണിയോടെയാണ് ബോംബ് സ്ഫോടനമുണ്ടായത്. നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ ടെറസില്‍ നിന്ന് ബോംബ് നിര്‍മിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. സ്‌ഫോടനത്തിൽ ഒരാൾ മരിക്കുകയും മറ്റൊരാളുടെ ഇരുകൈപ്പത്തികളും അറ്റുപോവുകയും ചെയ്തിരുന്നു. ഷെറിന്‍ ആണ് മരിച്ചത്. അപകടത്തില്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റ മകന്‍ കൂടിയായ വിനീഷിന്റെ ഇരുകൈപ്പത്തികളും അറ്റുപോയി.
രണ്ടാഴ്ച മുൻപ് കുന്നോത്ത്പറമ്പ് മേഖലയിൽ നടന്ന ആർ‌എസ്എസ് – സിപിഐഎം സംഘർഷത്തിൻ്റെ ഭാഗമായുള്ള പ്രത്യാക്രമണത്തിനായാണ് ബോംബ് നിർമ്മിച്ചതെന്നാണ് റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page