റിട്ട.ഡോക്ടര്‍ക്ക് പുനര്‍വിവാഹം; കാസര്‍കോട് നിന്നെത്തിയ വധുവും സംഘവും ആറു ലക്ഷവും ഫോണും ലാപ്‌ടോപും തട്ടിയെടുത്തു മുങ്ങി

പുനര്‍വിവാഹ വാഗ്ദാന കെണിയില്‍ വീണ റിട്ട. ഡോക്ടര്‍ക്ക് നഷ്ടമായത് പണവും ഫോണും ലാപ്‌ടോപ്പും. കാസര്‍കോട്ടെ വധുവും സംഘവും കോഴിക്കോട്ടെ റിട്ടയേര്‍ഡ് ഡോക്ടറുടെ ആറു ലക്ഷത്തോളം രൂപയും ഫോണും ലാപ്‌ടോപും തട്ടിയെടുത്തതായി പരാതി ലഭിച്ചതിനാല്‍ നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നു വിരമിച്ച ഡോക്ടര്‍ക്കാണ് ദുര്‍ഗതിയുണ്ടായത്. വയനാട് അതിര്‍ത്തിയില്‍ സ്വകാര്യ ക്ലിനിക് നടത്തുകയാണ് ഡോക്ടര്‍ ഇപ്പോള്‍. അവിടെ നിന്നു പരിചയപ്പെട്ട യുവാവാണ് ഡോക്ടറെ പുനര്‍വിവാഹത്തിനു പ്രേരിപ്പിച്ചത്. പല തവണ സംസാരിച്ചപ്പോള്‍ ഒടുവില്‍ ഡോക്ടര്‍ വിവാഹത്തിനു സമ്മതിക്കുകയായിരുന്നു. തുടര്‍ന്നു യുവാവും സംഘവും കാസര്‍കോട്ടു നിന്ന് എത്തിച്ച യുവതിയെ കാണിച്ചു. ഡോക്ടര്‍ക്കു യുവതിയെ ഇഷ്ടമായ സാഹചര്യത്തില്‍ വിവാഹം നടത്താന്‍ തീരുമാനിച്ചു.
റെയില്‍വേ സ്റ്റേഷനു സമീപത്തെ ഹോട്ടലില്‍ മുറിയെടുത്ത സംഘം യുവതിയുടെ ബന്ധുക്കള്‍ എന്നു പരിചയപ്പെടുത്തിയ ചിലര്‍ കൂടി എത്തി വിവാഹ തിയ്യതി നിശ്ചയിച്ചു. ഹോട്ടലില്‍ വച്ച് വിവാഹം നടത്തുകയും ചെയ്തു. പിന്നീട് ‘വധുവിനെയും വരനെയും’ ഹോട്ടലില്‍ തന്നെയുള്ള രണ്ടു മുറികളിലായി താമസിക്കാന്‍ സൗകര്യം ഒരുക്കി. നവദമ്പതികള്‍ക്ക് ഒന്നിച്ചു താമസിക്കാന്‍ നഗരത്തില്‍ വാടകവീട് ഏര്‍പ്പാടാക്കാമെന്നു പറഞ്ഞാണ് സംഘം സ്ഥലം വിട്ടത്. അടുത്ത ദിവസം വീണ്ടും എത്തിയ സംഘം, നടക്കാവില്‍ പണയത്തിനു വീട് ഏര്‍പ്പെടുത്തിയതായും, ഇതിന് ആറു ലക്ഷം രൂപ മുന്‍കൂര്‍ ആയി നല്‍കണമെന്നും അറിയിച്ചു. അത് വിശ്വസിച്ച ഡോക്ടര്‍ പണം കൈമാറി വീടു കാണാന്‍ പോകുന്നതിനിടയില്‍ തൊട്ടടുത്ത ആരാധനാലയത്തില്‍ കയറാന്‍ തീരുമാനിച്ചു. അതിന് മുമ്പായി ഡോക്ടര്‍ ഫോണും ലാപ്‌ടോപും അടങ്ങിയ ബാഗും സംഘത്തിനെ ഏല്‍പിച്ചിരുന്നു. എന്നാല്‍ ഡോക്ടര്‍ തിരിച്ചെത്തിയപ്പോള്‍ സംഘം സ്ഥലംവിട്ടിരുന്നു. തുടര്‍ന്നാണ് ഡോക്ടര്‍ പൊലീസില്‍ പരാതി നല്‍കിയത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page