ജയ്പൂര്‍: സ്‌കൂള്‍ പരീക്ഷയ്ക്ക് പഠിച്ചില്ലെന്നു പറഞ്ഞ് പതിനേഴുകാരിയായ മകളെ അടിച്ചു കൊന്ന പിതാവ് അറസ്റ്റില്‍. രാജസ്ഥാനിലെ സിരോഹി ജില്ലയിലെ പ്രേംനഗര്‍ സ്വദേശി ഫത്തേ മുഹമ്മദ് (42)ആണ് പൊലീസിന്റെ പിടിയിലായത്.
പതിനൊന്നാം ക്ലാസുകാരിയാണ് കൊല്ലപ്പെട്ടത്. സ്‌കൂള്‍ പരീക്ഷയ്ക്ക് പഠിച്ചില്ലെന്നും പറഞ്ഞ് പ്രകോപിതനായ മുഹമ്മദ് വടികൊണ്ടു അടിച്ചു കൊന്നുവെന്നാണ് പൊലീസ് കേസ്. പെണ്‍കുട്ടിയുടെ അമ്മാവന്‍ നല്‍കിയ പരാതി പ്രകാരമാണ് മുഹമ്മദിനെ അറസ്റ്റു ചെയ്തത്. ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റതാണ് പെണ്‍കുട്ടി മരണപ്പെടാന്‍ ഇടയാക്കിയത്. ഇക്കാര്യം സ്ഥിരീകരിക്കണമെങ്കില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടേണ്ടതുണ്ടെന്നു പൊലീസ് പറഞ്ഞു.
