ഭോപ്പാല്‍: ഭോപ്പാലില്‍ നഴ്‌സായിരുന്ന മലയാളി യുവതി മായയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അവരുടെ ആണ്‍ സുഹൃത്തിനെ പൊലീസ് അറസ്റ്റു ചെയ്തു. ദീപക് കത്തിയാര്‍ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് വെളിപ്പെടുത്തി.
നാലുവര്‍ഷമായി മായയും ദീപകും തമ്മില്‍ ബന്ധമുണ്ടായിരുന്നുവെന്നു പറയുന്നു. രണ്ടുപേരും ഒരു ആശുപത്രിയിലെ ജീവനക്കാരായിരുന്നു. മായയുമായി അടുത്ത സൗഹൃദം തുടരുന്നതിനിടയില്‍ ദീപക് മറ്റൊരു യുവതിയെ വിവാഹം കഴിച്ചു. ഇതോടെ മായയും ദീപകും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയായിരുന്നുവെന്നു പറയുന്നു. ഇതിനെ തുടര്‍ന്നു മായയെ ഒഴിവാക്കാന്‍ ദീപക് പലതവണ ശ്രമിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ദീപക് കത്തിയാര്‍ യു പി സ്വദേശിയാണ്. മായയെ ദീപകിന്റെ ഫ്‌ളാറ്റിലേക്കു വിളിച്ചുവരുത്തിയായിരുന്നു കൊലപാതകം. കഴുത്തു ഞെരിച്ചാണ് മായയെ കൊലപ്പെടുത്തിയത്. അതിനു മുമ്പു പ്രതി മായയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. കൊലപാതകത്തിനു ശേഷം നാലുമണി കഴിഞ്ഞു മൃതദേഹം ആശുപത്രിയിലെത്തിച്ചു. കുഴഞ്ഞുവീണു മരിച്ചുവെന്നായിരുന്നു ദീപക് ആശുപത്രി അധികൃതരെ അറിയിച്ചിരുന്നത്. എന്നാല്‍ ആശുപത്രി ജീവനക്കാര്‍ കഴുത്തില്‍ പാടു കണ്ടെത്തുകയും വിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നു. പിടിവീഴുമെന്നുറപ്പായതോടെ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.
