കണ്ണൂര്‍: പാനൂര്‍, മുളിയിത്തോട്ടില്‍ വീടിന്റെ ടെറസില്‍ ബോംബു നിര്‍മ്മിക്കുന്നതിനിടയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ സി പി എം പ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും ഒരാള്‍ക്കു ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതിനു പിന്നാലെ കണ്ണൂരില്‍ വ്യാപക റെയ്ഡ്. പാനൂര്‍, കൊളവല്ലൂര്‍, കൂത്തുപറമ്പ് മേഖലകളിലാണ് ബോംബ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടക്കുന്നത്. ശനിയാഴ്ച കണ്ണൂര്‍- കോഴിക്കോട് അതിര്‍ത്തി പ്രദേശങ്ങളില്‍ പരിശോധന നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഞായറാഴ്ച മറ്റു പ്രദേശങ്ങളിലേയ്ക്കു കൂടി പരിശോധന വ്യാപിപ്പിച്ചത്. പാനൂരില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ സി പി എം പ്രവര്‍ത്തകന്‍ കാട്ടിന്റവിട ഷെറിന്‍ (31) ആണ് കൊല്ലപ്പെട്ടത്. കൂട്ടത്തില്‍ ഉണ്ടായിരുന്ന വിനീഷിനു സാരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇയാള്‍ ചികിത്സയിലാണ്. സ്‌ഫോടനവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റു ചെയ്തു. രണ്ടുപേര്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്. പാനൂര്‍ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധനയ്ക്ക് ഡി ജി പി എല്ലാ ജില്ലാ പൊലീസ് മേധാവികള്‍ക്കും നിര്‍ദ്ദേശം നല്‍കി. നേരത്തെ ബോംബ് നിര്‍മ്മാണവുമായി ബന്ധം ഉണ്ടായിരുന്നവരെ നിരീക്ഷിക്കാനും നിര്‍ദ്ദേശം നല്‍കി.
