സ്ത്രീ സൗഹൃദങ്ങള്‍ അന്നും ഇന്നും

കൂക്കാനം റഹ്‌മാന്‍

ഇന്നു 74 ല്‍ എത്തിയ ഞാന്‍ 14 കാരനായിരുന്നപ്പോള്‍ മുതല്‍ ഉണ്ടായ സ്ത്രീ സൗഹൃദങ്ങളെ ഓര്‍ക്കുകയാണ്. എന്റെ താല്‍പര്യം പ്രായത്തില്‍ എന്റെ റേഞ്ചില്‍ വരുന്ന വ്യക്തികള്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നും അവ ഓര്‍ക്കാന്‍ കഴിയുന്നുണ്ടോ എന്നറിയാനുമാണ്. പ്രതികരണം ചിത്രങ്ങളിലല്ലാതെ അക്ഷരങ്ങളിലാവണമെന്നും ആഗ്രഹമുണ്ട്. സ്ത്രീ സൗഹൃദങ്ങളെ കുറിച്ചു പറയാന്‍ ഭയമോ അന്തസ്സ് കുറവോ തോന്നുന്നെങ്കില്‍ അതും തുറന്നു പറയാമല്ലോ?
ഞാന്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ 14 വയസ്സുകാരനായിരുന്നു. 1964 ല്‍ ഉടലെടുത്ത പെണ്‍ സൗഹൃദത്തെക്കുറിച്ചാണ് ആദ്യം കുറിക്കുന്നത്. സ്ഥലമോ വ്യക്തിയുടെ പേരോ പരാമര്‍ശിക്കില്ല. കാരണം ഞാന്‍ പറയുന്ന അനുഭവങ്ങള്‍ ഇന്ന് ജീവിച്ചിരിക്കുന്നവരെ കുറിച്ചാണ്. എന്റെ ക്ലാസില്‍ തന്നെയാണ് അവളും പഠിക്കുന്നത്. അവളുടെ പേരിന്റെ ആദ്യ അക്ഷരം ഉപയോഗിച്ചാണ് ഡയറിയില്‍ എഴുതുക. അന്നേ ഡയറി എഴുത്തുണ്ടേ.’k’ Looks me. എന്ന് എന്റെ ഡയറില്‍ ആ വര്‍ഷം കഴിയുന്നതുവരെ എഴുതിയിട്ടുണ്ടായിരുന്നു. ഇന്നും അതു മുതലുള്ള ഡയറികള്‍ ഷെല്‍ഫിലുണ്ട്. അവളെ കാണാന്‍, അവളുടെ ശ്രദ്ധ എന്നിലേക്കാകര്‍ഷിക്കാന്‍, അവളെന്നെ നോക്കാന്‍ കൊതിച്ചിരുന്ന കാലം. നോക്കിയാല്‍ മാത്രം മതി. പരസ്പരം സംസാരിക്കാനോ അടുത്ത് നില്‍ക്കാനോ ഭയമാണന്ന്. ഇന്നും k യുടെ അന്നത്തെ രൂപവും നോട്ടവും മനസ്സില്‍ തെളിഞ്ഞു നില്‍പ്പുണ്ട്. കാലം മുന്നോട്ട് നീങ്ങി. ഹൈസ്‌കൂള്‍ വിട്ട ശേഷം പരസ്പരം കാണാന്‍ പറ്റിയില്ല. മൂന്നുവര്‍ഷം മുമ്പ് ഞങ്ങള്‍ ഒരു ഗെറ്റ് ടുഗദറില്‍ കണ്ടു. ഞങ്ങള്‍ക്ക് അന്ന് 71 വയസ്സായി കാണും. തലനരച്ച് കവിളൊട്ടി രണ്ട് പേരക്കുട്ടികളുടെ കൈകള്‍ പിടിച്ചു നില്‍ക്കുന്ന k യെ നോക്കാന്‍ തോന്നിയില്ല. പണ്ട് ആ നോട്ടത്തിന് കൊതിച്ച ഞാന്‍ ഇന്ന് പ്രസ്തുത നോട്ടം കാണാതിരിക്കാന്‍ ആഗ്രഹിച്ചു പോയി …….
കോളേജിലെത്തിയപ്പോള്‍ കോളേജ് യൂണിയന്‍ കൗണ്‍സിലറായ എന്നെ ക്ലാസിലെ എല്ലാവര്‍ക്കും അറിയാം. 80 കുട്ടികളുള്ള ക്ലാസില്‍ പകുതിയും പെണ്‍കുട്ടികളായിരുന്നു. അതില്‍ രണ്ടു പെണ്‍കുട്ടികളില്‍ കണ്ണുടക്കി. വെളുത്തു മെലിഞ്ഞ് ദാവണിക്കാരിയായ VK യാണ് ഒരാള്‍. ഉയരം കുറഞ്ഞ, തടിച്ചുരുണ്ട, കാണാന്‍ നല്ല മുഖ സൗന്ദര്യമുള്ള ‘S ‘ആണ് രണ്ടാമത്തെ കക്ഷി. 1968 ല്‍ എത്തിയപ്പോള്‍ പെണ്‍കുട്ടികളുമായി സംസാരിക്കാനൊക്കെ ധൈര്യം വന്നു. ഫിസിക്സ്, കെമിസ്ട്രി, ബയോളജി ലാബുകളിലെ പ്രാക്ടിക്കല്‍ ക്ലാസുകളില്‍ അടുത്തടുത്തു നില്‍ക്കുകയും സംശയങ്ങള്‍ പരസ്പരം ചോദിക്കുകയുമൊക്കെ ചെയ്യും. VK യുടെയും S ന്റെയും അടുത്ത് നില്‍ക്കാന്‍ ചാന്‍സുണ്ടാക്കും. VK യെ കോളജിലെ എല്ലാവരും നോട്ടമിട്ടിരുന്നു. സമൂഹത്തിലെ അറിയപ്പെടുന്ന വ്യക്തിയുടെ മകളാണവള്‍. അവള്‍ ഹോസ്റ്റലില്‍ നിന്ന് എല്ലാ വെള്ളിയാഴ്ചയും നാട്ടിലേക്കു ട്രെയിനില്‍ ആണ് പോയിരുന്നത്. ഞാനും ആ ദിവസം നാട്ടിലേക്കു പോവാറുണ്ട്. തിരക്കുണ്ടെങ്കിലും അവള്‍ കയറുന്ന കമ്പാര്‍ട്ടുമെന്റില്‍ തന്നെ ഞാനും കയറും. കാണുക, സംസാരിക്കുക എന്നതേ ലക്ഷ്യമുള്ളു. ഞാന്‍ ഇറങ്ങുന്ന സ്റ്റേഷനു മുന്നേയുള്ള സ്റ്റേഷനില്‍ അവളിറങ്ങും. സ്റ്റേഷനടുത്തുള്ള വലിയ മൈതാനത്തിലൂടെ നടന്നു പോകുന്ന അവളെ നോക്കിയിരിക്കും കാഴ്ചയില്‍ നിന്ന് മറയുന്നത് വരെ. വര്‍ഷങ്ങള്‍ക്കു ശേഷം അവളെ ഒരു കല്യാണ ഓഡിറ്റോറിയത്തില്‍ കണ്ടുമുട്ടി. ആളാകെ മാറിപ്പോയി. എഴുപതിന്റെ തളര്‍ച്ച അവളില്‍ കണ്ടു. എങ്കിലും മുഖത്ത് പഴയ സൗന്ദര്യത്തിന്റെ ചില അംശങ്ങള്‍ തങ്ങി നില്‍പ്പുണ്ട്. ലാബില്‍ അടുത്ത് നില്‍ക്കാന്‍ കൊതിച്ച, ട്രെയിനിറങ്ങി നടന്നു നീങ്ങുന്ന അവളെ നോക്കിയിരുന്ന കാര്യങ്ങളൊന്നും ഇപ്പോള്‍ ചിന്തിക്കാന്‍ തോന്നുന്നില്ല.
കോളജ് വിട്ടതിന് ശേഷം S നെപറ്റി ഒരു വിവരവുമില്ല. ക്ലാസിലെ പഠിപ്പിസ്റ്റായിരുന്നു. അവള്‍ക്ക് എന്നോട് എന്തോ ഇഷ്ടമുണ്ടായിരുന്നു. യാത്രയയപ്പ് കഴിഞ്ഞ് പുറത്തിറങ്ങിയ അവള്‍ കയ്യിലുണ്ടായിരുന്ന ഓറഞ്ച് കവിളോടടുപ്പിച്ച് വെച്ച് ‘ ഇത് വേണോ നിനക്ക് ‘ എന്ന് ചോദിച്ചത് എന്റെ മനസ്സില്‍ തട്ടി. അവള്‍ എന്റെ ഓട്ടോഗ്രാഫിലെഴുതി ‘ Faith in God and women’ എന്തിനാണിങ്ങിനെ എഴുതിയതെന്ന് എനിക്കു മനസ്സിലായില്ല. രണ്ടു വര്‍ഷങ്ങള്‍ക്കപ്പുറം അവളുടെ ഫോണ്‍ നമ്പര്‍ പണിപ്പെട്ടു സംഘടിപ്പിച്ചു. ഫോണില്‍ വിളിച്ചു. അവള്‍ ഇന്ന് ടൗണിലെ പേരുകേട്ട ഹോസ്പിറ്റലില്‍ ഡോക്ടറായി സേവനം ചെയ്യുകയാണെന്നു പറഞ്ഞു. അറുപത് വര്‍ഷങ്ങള്‍ക്കപ്പുറം നടന്ന സംഭവങ്ങള്‍ അവള്‍ എണ്ണിയെണ്ണി പറഞ്ഞു. ഫോട്ടോ wattsapp ല്‍ അയച്ചുതന്നു. വാര്‍ദ്ധക്യം ബാധിച്ചിട്ടുണ്ട്. എങ്കിലും ഡോക്ടറുടെ ഗമയും പ്രൗഢിയുമൊക്കെയുണ്ട്. ഇപ്പോഴും ഫോണിലും FB യിലും ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നു. പ്രായത്തിന്റെ പ്രയാസങ്ങള്‍ പരസ്പരം പങ്കുവെക്കാറുണ്ട്.
ഓട്ടോഗ്രാഫിലെ വരി ഒന്നുകൂടി ഓര്‍മ്മപ്പെടുത്തി അങ്ങിനെ എഴുതാനുള്ള കാരണം തിരക്കി. ‘അത് അക്കാലത്തെ എന്റെ വികാരം പ്രകടിപ്പിച്ചതാണ്’, അതായിരുന്നു മറുപടി.
ടീച്ചേര്‍സ് ട്രൈനിംഗ് കാലമാവുമ്പോഴേക്കും 20 വയസ്സായിരുന്നു. സ്ഥാപനത്തിലെത്തിയപ്പോള്‍ പഴയ സുഹൃത്തുക്കളെ പലരേയും കണ്ടുമുട്ടി. 40 പേരെയാണ് സെന്ററില്‍ അഡ്മിറ്റ് ചെയ്തത്. ഇരുപത് ആണ്‍കുട്ടികളും 20 പെണ്‍കുട്ടികളും.
സെപ്പറേറ്റ് ക്ലാസുമുറികളിലാണ് പഠനം. ചിലപ്പോള്‍ കമ്പയിന്റ് ക്ലാസു കിട്ടും. പരസ്പരം പരിചയപ്പെടാന്‍ നല്ല അവസരം. ബാക്ക് ബെഞ്ചിലിരിക്കുന്ന ഒരു പെണ്‍കുട്ടി പലപ്പോഴും എന്നെ ശ്രദ്ധിക്കുന്നത് കണ്ടു. പരിചയപ്പെട്ടു. തുടര്‍ന്ന് നിത്യേന കാണണമെന്ന മോഹം ഉള്ളിലുദിച്ചു. പരസ്പരം കത്തുകള്‍ കൈമാറുന്നതിലേക്കും ഫോട്ടോ കൈമാറുന്നതിലേക്കും ഇടപെടല്‍ പുരോഗമിച്ചു. കടപ്പുറത്തും കോഫി ഹൗസിലും ഞങ്ങള്‍ സന്ധിച്ചു. പരസ്പരം എല്ലാ കാര്യവും പറഞ്ഞു. അവളെ ‘C’ എന്ന് പേരു വിളിക്കാം. വീണ്ടും കാണാമെന്നും ഒന്നിച്ചാവാമെന്നും പറഞ്ഞു. സ്ഥാപനമടച്ചപ്പോള്‍ ഞങ്ങള്‍ പിരിഞ്ഞു. അവളുടെ ദീര്‍ഘമേറിയ കത്ത് സ്ഥാപന അഡ്രസില്‍ വന്നു. കത്ത് സ്ഥാപന മേധാവി പിടിച്ചു. വാണിംഗ് തന്നു. കത്തില്‍ പറഞ്ഞ അവസാന വാചകം വായിച്ചപ്പോള്‍ തല കറങ്ങി പോയി. ‘നീ വീട്ടിലേക്കു വരണം ഞാനും ഹസ്ബന്റ്ഉം കാത്തിരിക്കും. അവള്‍ വിവാഹിതയാണെന്ന കാര്യം അതേവരേക്കും പറഞ്ഞില്ലായിരുന്നു. അതൊരു വലിയ വഞ്ചനയായി തോന്നി. പിന്നെ യാതൊരു ബന്ധവും ഇല്ലായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം അവള്‍ അസുഖം വന്ന് കിടപ്പിലാണെന്ന വിവരം അറിഞ്ഞു. കാണാന്‍ ചെന്നു. അള്‍ഷിമേര്‍സാണ്. ഒന്നും പറയാന്‍ പറ്റിയില്ല. ഇങ്ങിനെയൊക്കെയാവും പ്രായമായാല്‍ എന്ന ദുഖ ചിന്തയോടെ അവിടുന്ന് തിരിച്ചു.
ബി.എഡ്. പഠനകാലത്ത് ഒരു തെക്കന്‍ ജില്ലക്കാരി എന്നെ ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞു. ഞങ്ങള്‍ കോളേജില്‍ രണ്ട് ഡിപ്പാര്‍ട്ടുമെന്റുകളിലായാണ് പഠിക്കുന്നത്. പല കാര്യങ്ങളും ഞങ്ങള്‍ തുറന്നു സംസാരിച്ചു. ഹോട്ടലില്‍ ഒപ്പം ഇരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ ഞാന്‍ തമാശയായി പറഞ്ഞു. ‘നിങ്ങള്‍ തെക്കന്‍മാരെ വിശ്വസിക്കാന്‍ പറ്റില്ലെന്ന് പറയാറുണ്ട്. ശരിയല്ലേ?’
അവള്‍ അപ്പോള്‍ തന്നെ മുഖം വീര്‍പ്പിച്ചിരുന്നു. കോളേജില്‍ എത്തിയിട്ടും പഴയപടി ഇഷ്ടത്തോടെയുള്ള ഇടപെടല്‍ കണ്ടില്ല. ചൊടി തന്നെ. എന്റെ പ്രസ്താവന അവളുടെ ആഗ്രഹങ്ങള്‍ക്കെല്ലാം വിഘാതമായി തീര്‍ന്നു എന്നവള്‍ വിശ്വസിച്ചു കാണും. കോളേജ് അടക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ അവള്‍ കരഞ്ഞു കലങ്ങിയ കണ്ണുമായി മുന്നില്‍ നില്‍ക്കുന്നു. ‘ഞാന്‍ പോകുന്നു. ഇനി ഒരിക്കലും നമ്മള്‍ തമ്മില്‍ കാണില്ല. ഞാന്‍ ആരെയും ചതിച്ചിട്ടില്ല. ചതിക്കുകയുമില്ല. ക്ഷമിക്കണേ…’
അവള്‍ ആ വാക്കും പറഞ്ഞ് പിരിഞ്ഞതാണ്. അവള്‍ എവിടെ? എങ്ങിനെ ? ഒന്നും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അറിയാന്‍ പറ്റിയില്ല.. എന്റെ നാക്കില്‍ നിന്ന് വന്ന വാക്കുമൂലം ഒരു പെണ്‍കുട്ടിയുടെ മനസ്സിനേല്‍പിച്ച മുറിവ് ഓര്‍ത്ത് ഞാനിന്നും ദുഃഖിതനാണ്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page