തെരഞ്ഞെടുപ്പുല്‍സവം; കാസര്‍കോട് ജില്ലയില്‍ അനധികൃത ചെങ്കല്‍ കടത്ത് സജീവം

കാസര്‍കോട്: തെരഞ്ഞെടുപ്പുല്‍സവം കൊടിയേറിയതോടെ കാസര്‍കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അനധികൃത ചെങ്കല്‍ ഖനനം തകൃതിയായി തുടരുന്നു. വെട്ടിയെടുക്കുന്ന കല്ലുകള്‍ കര്‍ണാടകയിലേക്കും തമിഴ് നാട്ടിലേക്കുമാണ് രാത്രികാലങ്ങളില്‍ ടോറസ് ലോറികളില്‍ കടത്തുന്നുണ്ടെന്നാണ് സംസാരം. ഭൂരഹിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ മൂന്ന് സെന്റ് സീറോലാന്റുകളാണ് ചെങ്കല്‍ മാഫിയ കല്ലുവെട്ടിന് ഉപയോഗിക്കുന്നതായാണ് ആരോപണം. ധര്‍മ്മത്തടുക്കയിലും പരിസരപ്രദേശങ്ങളിലും നിരവധി അനധികൃത ചെങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. ഇവിടെ നിന്ന് വെട്ടിയെടുക്കുന്ന കല്ലുകള്‍ നാട്ടിലെ ആവശ്യക്കാര്‍ക്ക് വിതരണം ചെയ്ത ശേഷം ബാക്കിവരുന്ന കല്ലുകള്‍ ശേഖരിച്ച് രാത്രി കാലങ്ങളില്‍ ടോറസ് ലോറിയില്‍ കയറ്റി അന്യസംസ്ഥാനത്തെത്തിക്കുന്നു. ക്വാറിയില്‍ ഒരു കല്ലിന് 22 രൂപയാണ് വില. തമിഴ് നാട്ടിലെത്തിയാല്‍ 100 രൂപവരെ വിലയ്ക്ക് വില്‍ക്കുന്നു. കര്‍ണാടകയില്‍ 55-60 രൂപവരെയും സന്ദര്‍ഭത്തിനനുസരിച്ച് ഈടാക്കുന്നതായാണ് വിവരം. സ്വര്‍ണക്കടത്തുപോലെ ഇന്ന് ആദായകരമായ ബിസിനസ് ആണ് ചെങ്കല്‍ കടത്ത്. നാട്ടുകാര്‍ ഈ വിവരം റവന്യൂ-ജിയോളജി വിഭാഗങ്ങളെ അറിയിക്കുന്നുണ്ടെങ്കിലും അവര്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട തിരക്കുകളില്‍ മുഴുകിയിരിക്കുകയാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തിന് പോലും പണമില്ലാത്ത അവസ്ഥയില്‍ ഖജനാവിലേക്കെത്താവുന്ന നികുതിപ്പണം പോലും വേണ്ടെന്ന നിലപാട് നികുതി ദായകരില്‍ പ്രതിഷേധം ഉളവാക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page