കോഴിക്കോട്: രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് ആരെ നേരിടാനാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ആരാഞ്ഞു.
ഇന്‍ഡ്യാ മുന്നണിയിലെ ഒരു നേതാവ് ആ മുന്നണിയിലെ മറ്റൊരു നേതാവിനെ നേരിടാനാണോ ഇന്‍ഡ്യാ മുന്നണി രൂപീകരിച്ചത്. രാജ്യത്ത് ബി ജെ പിയെ അധികാരത്തില്‍ നിന്നു മാറ്റി നുറുത്താനാണ് ഇന്‍ഡ്യാ മുന്നണി ഉണ്ടാക്കിയതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതു ഇന്‍ഡ്യാ മുന്നണി ഘടകകക്ഷിയായ സി പി ഐയുടെ സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാനാണെന്നു മുഖ്യമന്ത്രി സൂചിപ്പിച്ചു. രാജ്യം കണ്ട പ്രതിഷേധങ്ങള്‍ ആനിരാജയെയും കണ്ടിട്ടുണ്ട്. എന്നാല്‍ രാഹുല്‍ ഗാന്ധിയെ അവിടങ്ങളില്‍ ആരെങ്കിലും കണ്ടിട്ടുണ്ടോയെന്നു പിണറായി ചോദിച്ചു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതു രാജ്യമാകെ ചര്‍ച്ചയാവണമെന്നു പിണറായി പറഞ്ഞു.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യമുന്നയിച്ചപ്പോള്‍ സമയം അതിക്രമിച്ചുവെന്ന് പറഞ്ഞ് അദ്ദേഹം എഴുന്നേറ്റു നടന്നു. കെജ്‌രിവാളിന്റെ ഡല്‍ഹി സര്‍ക്കാരിനെതിരെ ആദ്യം ആരോപണം ഉന്നയിച്ചതു കോണ്‍ഗ്രസ്സാണെന്നു നേരത്തെ പത്രലേഖകരോട് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ ആരോപണമാണ് ഇ ഡി അന്വേഷണത്തിനു വഴിവച്ചത്. മറ്റു പ്രതിപക്ഷ പാര്‍ട്ടികളെ വേട്ടയാടുമ്പോള്‍ കോണ്‍ഗ്രസ് ബി ജെ പി അനുകൂല നിലപാടു സ്വീകരിക്കുകയായിരുന്നെന്നു പിണറായി പറഞ്ഞു.
