കാസര്‍കോട്: സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍. 50,400 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില. ഗ്രാമിന് 6300 രൂപയാണ്. പവന് 1040 രൂപയുടെ വര്‍ധനവാണ് മാര്‍ച്ച് 29ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ 49,360 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.
രാജ്യാന്തര വിപണിയിലെ വില വര്‍ധനവാണ് കേരളത്തിലും വില കൂടാന്‍ കാരണം. വിലക്കയറ്റം കല്യാണ സീസണെ പ്രതികൂലമായി ബാധിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. വര്‍ധിച്ചുവരുന്ന വില ലൈറ്റ് വൈയ്റ്റ് ആഭരണങ്ങളുടെ ആവശ്യം ഉയര്‍ത്തുമെന്നാണ് സ്വര്‍ണ്ണ വിപണി വൃത്തങ്ങളുടെ വിലയിരുത്തല്‍. കല്ല്യാണത്തിന് നേരത്തെ 50 പവന്‍ സ്വര്‍ണ്ണം വാങ്ങുന്നവര്‍ വില വര്‍ധിച്ച സാഹചര്യത്തില്‍ തൂക്കം കുറഞ്ഞ 25 പവന്‍ സ്വര്‍ണ്ണം വാങ്ങാന്‍ നിര്‍ബന്ധിതരാകുമെന്നും വിലയിരുത്തലുണ്ട്. കേരളത്തില്‍ വിവാഹ സീസണ്‍ തുടങ്ങാനിരിക്കെ പവന്റെ വില 50000 കടന്നത് സാധാരണക്കാരെ അടക്കം പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മാര്‍ച്ച് ഒന്നിന് രേഖപ്പെടുത്തിയ 46320 രൂപയാണ് മാര്‍ച്ച് മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്. പവന്‍റെ വില പുതിയ റെക്കോര്‍ഡിലെത്തിയ സാഹചര്യത്തില്‍ വരും ദിവസങ്ങളിലും വില വര്‍ധിക്കാനുള്ള സാധ്യത തള്ളികളയാനാകില്ല.
