കാസര്‍കോട്: പൊതു സ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ തടയാന്‍ മംഗല്‍പാടി പഞ്ചായത്ത് അധികൃതര്‍ സ്ഥാപിച്ചത് 12 ലക്ഷം രൂപ വില വരുന്ന സിസിടിവി ക്യാമറകള്‍. ഇവയൊന്നും പ്രവര്‍ത്തിക്കുന്നില്ലെന്നു മാത്രമല്ല, ഇവയിലൊന്ന് അത് സ്ഥാപിച്ച തൂണടക്കം കടത്തിക്കൊണ്ടുപോയിട്ടും പഞ്ചായത്ത് അധികൃതര്‍ അറിഞ്ഞില്ല. മംഗല്‍പാടി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാലിന്യം തള്ളുന്നത് തടയുന്നതിന് ഉപ്പള, ഹനഫി ബസാര്‍, കൈക്കമ്പ, ബന്തിയോട് എന്നിവിടങ്ങളിലാണ് ക്യാമറ സ്ഥാപിച്ചിരുന്നത്. 12 ലക്ഷം രൂപയാണ് ഇതിനു ചെലവാക്കിയത്. കെല്‍ട്രോണ്‍ ആണ് ക്യാമറകള്‍ സ്ഥാപിച്ചത്. ക്യാമറകളില്‍ പതിയുന്ന ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിന് പഞ്ചായത്ത് ഓഫീസിനകത്ത് മോണിറ്റര്‍ സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് ആരും അന്വേഷിച്ചില്ല. ഇതിനിടയിലാണ് മാര്‍ച്ച് 27ന് ഉപ്പളയില്‍ എ.ടി.എമ്മില്‍ പണം നിറക്കാന്‍ എത്തിയ വാഹനത്തില്‍ നിന്ന് അരക്കോടി രൂപ കൊള്ളയടിക്കപ്പെട്ടത്. കൊള്ളക്കാരുടെ ദൃശ്യങ്ങള്‍ കണ്ടെത്തുന്നതിന് വിവിധ സ്ഥലങ്ങളിലെ ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് ക്യാമറകള്‍ നിശ്ചലമാണെന്നും കൈക്കമ്പയിലെ ക്യാമറയും അതു സ്ഥാപിച്ചിരുന്ന ഇരുമ്പു തൂണും കവര്‍ച്ച പോയ കാര്യവും വ്യക്തമായത്. അതേ സമയം മംഗല്‍പാടി പഞ്ചായത്തില്‍ ക്യാമറ സ്ഥാപിച്ച സമയത്തു തന്നെ മഞ്ചേശ്വരത്തും ക്യാമറകള്‍ സ്ഥാപിച്ചിരുന്നുവെന്നും അവയെല്ലാം നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കെല്‍ട്രോണ്‍ അധികൃതര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്.
