പിണറായിയുടെ മകള്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഇഡി അന്വേഷണം; ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തു

കൊച്ചി: പിണറായിയുടെ മകള്‍ വീണാ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഇഡി അന്വേഷണം ആരംഭിച്ചു. കൊച്ചി ഇഡി യൂണിറ്റാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എസ്എഫ്‌ഐഒ അന്വേഷണം നടക്കുന്നതിനിടയിലാണ് നടപടി. ആദായ നികുതി വകുപ്പിന്റെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കേസ്. എക്‌സാലോജിക് അടക്കം ഇഡി അന്വേഷണ പരിധിയില്‍ വരും. കുറച്ചുദിവസങ്ങളായി ഇഡി ഇക്കാര്യത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ ഇസിഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കരിമണല്‍ കമ്പനിയില്‍ നിന്ന് പണം വാങ്ങിയെന്ന കേസാണ് അന്വേഷിക്കുന്നത്. നല്‍കാത്ത സേവനത്തിന് ലക്ഷങ്ങള്‍ കൈപ്പറ്റിയത് അഴിമതിയാണെന്നാണ് ആരോപണം. കമ്പനികള്‍ തമ്മിലുള്ള ഇടപാടുകള്‍ ബാങ്ക് മുഖാന്തിരം തന്നെയാണ് നടന്നിരിക്കുന്നത്. എന്നാല്‍ അനര്‍ഹമായ പണമായതിനാല്‍ തന്നെ കള്ളപ്പണമായി കണ്ട് ഇതില്‍ ആദായനികുതി വകുപ്പ് ഇടപെടാമെന്ന സൂചന നേരത്തെ ഉണ്ടായിരുന്നു.
ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന ഘട്ടത്തില്‍ ആദായനികുതി വകുപ്പ് കേസില്‍ ഇടപെടുന്നത് വലിയ രീതിയിലുള്ള രാഷ്ട്രീയ ചലനങ്ങളാണ് ഉണ്ടാക്കുക. കേന്ദ്ര ഏജന്‍സികളെ വിവിധ സംസ്ഥാനങ്ങളെ അടിച്ചമര്‍ത്താന്‍ കേന്ദ്രം ഉപയോഗിക്കുന്നു എന്ന ആരോപണം കേരളം അടക്കം ഉന്നയിക്കുന്ന സാഹചര്യത്തില്‍ ഇത് തെരഞ്ഞെടുപ്പിലും ശക്തമായ വിഷയമായിത്തീരുമെന്നത് ഉറപ്പായിരിക്കുകയാണ്.
അന്വേഷണത്തിന്റെ ഭാഗമായി എക്സാലോജിക് സൊലൂഷന്‍സിന്റെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ എസ്എഫ്‌ഐഒ പരിശോധിച്ചിരുന്നു. ഈ പരിശോധനയില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു നോട്ടിസ് അയച്ചത്. എക്സാലോജിക്കുമായി എന്തുതരം ഇടപാടാണു നടത്തിയതെന്നതാണു നോട്ടിസിലെ പ്രധാന ചോദ്യം. ഉല്‍പന്നമോ സേവനമോ നല്‍കിയതിന് എക്‌സാലോജിക്കുമായി ഏര്‍പ്പെട്ട കരാറിന്റെ പകര്‍പ്പ്, വര്‍ക്ക് ഓര്‍ഡര്‍, ഇന്‍വോയ്സ് എന്നിവയുടെ പകര്‍പ്പ് എന്നിവയെല്ലാം ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page