അടുത്ത തവണ സിപിഎം ഈനാംപേച്ചി ചിഹ്നത്തില്‍ വോട്ട് ചോദിക്കേണ്ടിവരും: എ.പി.അബ്ദുള്ള കുട്ടി

ബോവിക്കാനം: ലോകസഭ തെരെഞ്ഞെടുപ്പ് കഴിയുന്നതോടെ ദേശീയ പാര്‍ട്ടി അംഗീകാരം നഷ്ടപ്പെടുന്ന സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ തളിപ്പറമ്പിലും മുഖ്യമന്ത്രിയുടെ മരുമകന്‍ മുഹമ്മദ് റിയാസ് ബേപ്പൂരിലും മത്സരിക്കുമ്പോള്‍ ഈനാംപേച്ചി ചിഹ്നത്തില്‍ വോട്ട് ചോദിക്കേണ്ടി വരുമെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുള്ളകുട്ടി പരിഹസിച്ചു. എന്‍ഡിഎ ഉദുമ നിയോജകമണ്ഡലം തെരെഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ രണ്ടക്ക നമ്പറില്‍ എന്‍ഡിഎ ജയിച്ച് വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവര്‍ത്തിച്ച് പറഞ്ഞതിന് പിന്നാലെയാണ് ഇന്റലിജന്‍സിന്റെയും ചാനല്‍ സര്‍വ്വേയും പുറത്ത് വന്നിട്ടുള്ളത്. ബംഗാളിലേത് പോലെ കേരളത്തിലും സിപിഎമ്മിന് വട്ടപൂജ്യമാണ് ലഭിക്കാന്‍ പോകുന്നത്. കെജ്രിവാള്‍ ജയിലിലായത് പോലെ കരിവെന്നൂര്‍, സ്വര്‍ണ കള്ളകടത്ത്, മാസപ്പടി കേസുകളില്‍ കേരളത്തിലെ പ്രധാനപ്പെട്ട പലരും ജയിലാകുന്ന കാഴ്ചയാണ് കാണാന്‍ പോകുന്നത്. രാഹുല്‍ഗാന്ധി കഴിഞ്ഞ തവണ അമേഠിയില്‍ നിന്ന് വയനാട്ടിലേക്ക് അഭയം തേടേണ്ടി വന്നെങ്കില്‍ തെരെഞ്ഞെടുപ്പ് കഴിയുന്നതോടെ ഇറ്റലിയിലേക്ക് പലായനം ചെയ്യേണ്ടിവരും. ഭാരതത്തില്‍ സത്രീ സംവരണത്തിന്റെ വക്താവ് സോണിയാഗാന്ധിയെന്നാണ് രാജ്‌മോഹന്‍ ഉണ്ണിത്താനെ പോലെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നത്. കേരളത്തില്‍ എന്‍ഡിഎ അഞ്ച് സ്ത്രീകളെയാണ് സ്ഥാനാര്‍ത്ഥിയാക്കിയത്. സ്ത്രീ വിരുദ്ധ നിലപാടിനെതിരായി കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ ജനങ്ങള്‍ വിധിയെഴുതുന്നതിലൂടെ കോണ്‍ഗ്രസിന്റെ കരണകുറ്റിക്ക് എല്‍ക്കുന്ന പ്രഹരമായി മാറുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കൊല്ലത്തേക്ക് വണ്ടി കയറേണ്ടിവരുമെന്നും അബ്ദുള്ളകുട്ടി പറഞ്ഞു. ഉദുമ മണ്ഡലം പ്രസിഡന്റ് കെ.ടി.പുരുഷോത്തമന്‍ ആധ്യക്ഷം വഹിച്ചു. പ്രമീള.സി.നായക്, കെ.രഞ്ജിത്ത്, ഭാരവാഹികളായ മഹേഷ് ഗോപാല്‍, ദീലീപ് പള്ളഞ്ചി, രതീഷ് പുല്ലൂര്‍, ബി.രവീന്ദ്രന്‍, ജനാര്‍ദ്ദനന്‍ കുറ്റിക്കോല്‍, കെ.രാധാകൃഷ്ണന്‍ നമ്പ്യാര്‍, ചന്തുകുട്ടി, എ.കരുണാകരന്‍, ജയകുമാര്‍ മാനടുക്കം, ടി.വി.സുരേഷ് സംസാരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page