ഇങ്ങനെയുമുണ്ടോ പിതാവ്? മലപ്പുറത്തെ രണ്ടരവയസ്സുകാരി നേരിട്ടത് സമാനതകളില്ലാത്ത ക്രൂരത; പിതാവിന്റെ മര്‍ദ്ദനത്തില്‍ വാരിയെല്ലു തകര്‍ന്നു, ശരീരത്തില്‍ സിഗരറ്റ് കത്തിച്ച് കുത്തി

മലപ്പുറം: മലപ്പുറം, കാളികാവിലെ രണ്ടരവയസ്സുകാരിയുടെ മരണം ക്രൂരമായ കൊലപാതകമാണെന്നു വ്യക്തമായി. ഉദരംപൊയില്‍ സ്വദേശി മുഹമ്മദ് ഫായിസിന്റെ മകള്‍ ഫാത്തിമ നസ്രീനയാണ് കൊല്ലപ്പെട്ടത്. തൊണ്ടയില്‍ ഭക്ഷണം കുരുങ്ങിയെന്നു പറഞ്ഞാണ് മുഹമ്മദ് ഫായിസ് മകളെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആശുപത്രി അധികൃതര്‍ വിവരം പൊലീസിനെ അറിയിച്ചു. പൊലീസെത്തിയപ്പോള്‍ മകളെ പിതാവ് കൊലപ്പെടുത്തിയതാണെന്നു മാതാവും ബന്ധുക്കളും മൊഴി നല്‍കി. തുടര്‍ന്ന് മുഹമ്മദ് ഫായിസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പോസ്റ്റുമോര്‍ട്ടത്തിലാണ് ക്രൂരമായ കൊലപാതകത്തിന്റെ നടുക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ക്രൂരമായ മര്‍ദ്ദനത്തെത്തുടര്‍ന്ന് ബോധം നഷ്ടപ്പെട്ട കുഞ്ഞിനെ എടുത്തെറിഞ്ഞതായും വാരിയെല്ലു പൊട്ടിയതായും പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി. കുഞ്ഞിന്റെ ശരീരത്തില്‍ പഴയതും പുതിയതുമായ നിരവധി മുറിവുകളും കണ്ടെത്തി. സിഗരറ്റ് കുറ്റി കൊണ്ട് കുത്തിയതിന്റെ മുറിവുകളും കുഞ്ഞിന്റെ ശരീരത്തിലുള്ളതായും പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി. മര്‍ദ്ദനമേറ്റപ്പോള്‍ കുഞ്ഞിന്റെ തലക്കകത്തുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണത്തിന് രജിസ്റ്റര്‍ ചെയ്ത കേസ് കൊലപാതകമാക്കി പിതാവ് മുഹമ്മദ് ഫായിസിനെ കാളികാവ് പൊലീസ് അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page