മലപ്പുറം: മലപ്പുറം, കാളികാവ്, ഉദരംപൊയിലിലെ രണ്ടരവയസ്സുകാരി മരിച്ചത് എങ്ങനെ? തൊണ്ടയില്‍ ഭക്ഷണം കുരുങ്ങി മരണപ്പെട്ടുവെന്നാണ് പിതാവ് പറയുന്നത്. എന്നാല്‍ മകളെ മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് മാതാവും ബന്ധുക്കളും. സംഭവത്തില്‍ കരുവാരക്കുണ്ട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മുഹമ്മദ് ഫായിസിന്റെ മകളാണ് മരണപ്പെട്ടത്. ഞായറാഴ്ച ഉച്ചക്ക് രണ്ടു മണിയോടെയാണ് മകളെ പിതാവ് ഫായിസ് ആശുപത്രിയില്‍ എത്തിച്ചത്. തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയെന്നാണ് ഫായിസ് ഡോക്ടറോട് പറഞ്ഞത്. തൊട്ടുപിന്നാലെ കുഞ്ഞ് മരണപ്പെടുകയും ചെയ്തു. ഇതോടെയാണ് ഫായിസിനെതിരെ ഗുരുതര ആരോപണവുമായി മാതാവും ബന്ധുക്കളും രംഗത്തെത്തിയത്. കുട്ടിയെ പിതാവ് മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതാണെന്നും ശരീരത്തില്‍ മര്‍ദ്ദനത്തിന്റെ പാടുകള്‍ ഉണ്ടെന്നും മാതാവ് പറഞ്ഞു. എന്നാല്‍ മരണകാരണം വ്യക്തമാകണമെങ്കില്‍ പോസ്റ്റുമോര്‍ട്ടം വരെ കാത്തിരിക്കണമെന്നാണ് പൊലീസിന്റെ നിലപാട്. കൊലപാതകമാണെന്നു തെളിഞ്ഞാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം ഫായിസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
