വയനാട്: ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ കൂടി വയനാടു മണ്ഡലത്തില്‍ മത്സരവേദിയിലെത്തിയതോടെ വയനാടിനു ദേശീയ തലത്തില്‍ താരത്തിളക്കം.
കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡന്റായിരുന്ന നിലവിലെ വയനാട് എം പി രാഹുല്‍ഗാന്ധി, സി പി ഐയുടെ ദേശീയനേതാവ് ആനിരാജ എന്നിവരുടെ സ്ഥാനാര്‍ത്ഥിത്വത്തോടെ വയനാടിനു നേരത്തേതന്നെ ദേശീയതലത്തില്‍ പ്രാധാന്യം ലഭിച്ചിരുന്നു. ഇതേ മണ്ഡലത്തില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ തീരുമാനിച്ചതോടെ മണ്ഡലത്തിനു മത്സരരംഗത്തു താരപരിവേഷം ലഭിച്ചു.
രാജ്യത്ത് അതിശക്തമായ ത്രികോണ മത്സരം നടക്കുന്ന അപൂര്‍വ്വം മണ്ഡലങ്ങളില്‍ ഒന്നായി വയനാട് മാറിക്കഴിഞ്ഞു. സ്ഥാനാര്‍ത്ഥികളില്‍ ആരുജയിച്ചാലും തോറ്റാലും അവരുടെ പരാജയത്തിലുപരി അവര്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയുടെയും മുന്നണിയുടെയും പരാജയമായി വിലയിരുത്തപ്പെടുമെന്നുറപ്പാണ്. മാത്രമല്ല, തോല്‍ക്കുന്നവരുടെ രാഷ്ട്രീയ ജീവിതത്തിനും തിരഞ്ഞെടുപ്പുഫലം ആഘാതമേല്‍പ്പിക്കുമെന്നു പൊതുവേ കരുതുന്നു.
ദേശീയതലത്തില്‍ പ്രധാനമന്ത്രിയുടെ ഏറ്റവും കടുത്ത വിമര്‍ശകനാണ് രാഹുല്‍ഗാന്ധി. അതുകൊണ്ടുതന്നെ രാഹുലിനുണ്ടാകുന്ന തിരഞ്ഞെടുപ്പുഫലം അദ്ദേഹത്തിന്റെ നിലപാടുകള്‍ക്കുള്ള ജനകീയാംഗീകാരമായി വിലയിരുത്തപ്പെടും. രാജ്യത്തെ പ്രമുഖ സി പി ഐ നേതാവായ ആനിരാജയുടെ തിരഞ്ഞെടുപ്പുഫലം വ്യക്തിപരമായി ബാധിക്കില്ലെങ്കിലും ബി ജെ പി സ്ഥാനാര്‍ത്ഥി സുരേന്ദ്രന്റെ തിരഞ്ഞെടുപ്പുഫലം അദ്ദേഹത്തെ നേരിട്ടു ബാധിച്ചു കൂടെന്നില്ല. സംസ്ഥാനത്തു ബി ജെ പിയില്‍ ഇപ്പോഴും പ്രകടമായി നില്‍ക്കുന്ന ഗ്രൂപ്പു പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന് തിരഞ്ഞെടുപ്പിനു ശേഷം വ്യക്തിപരമായി നഷ്ടമുണ്ടാക്കുമെന്ന് അണികള്‍ കരുതുന്നുണ്ട്. രാജ്യത്തെ പ്രമുഖമായ മൂന്നു മുന്നണികള്‍ക്കും മൂന്നിന്റെയും സ്ഥാനാര്‍ത്ഥികള്‍ക്കും വയനാട് ലോക്‌സഭാ മണ്ഡലം തിരഞ്ഞെടുപ്പു ഫലം നിര്‍ണ്ണായകമാവുമെന്ന് രാഷ്ട്രീയ രംഗം കരുതുന്നു.
വയനാട്ടില്‍ സുരേന്ദ്രന്‍ വിജയിച്ചാല്‍ കേന്ദ്രമന്ത്രിയാവുമെന്ന് പൊതുവേ കരുതുന്നു. രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പു കഴിയുംവരെ വയനാട്ടില്‍ നിന്നു വിട്ടു നില്‍ക്കാന്‍ കഴിയാത്ത തരത്തില്‍ പ്രചരണ കോലാഹലം നിലനിറുത്താന്‍ സുരേന്ദ്രനു കഴിയണമെന്നു ബി ജെ പി നേതൃത്വവും കരുതുന്നുണ്ടാവുമെന്ന് സംസാരമുണ്ട്.