തൃശൂരില്‍ ത്രികോണ മത്സരം;പൂരങ്ങളുടെ നാട്ടില്‍ നിറം മാറ്റമുണ്ടാകുമോ

ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ശക്തമായ ത്രികോണ മത്സരം നടക്കുമെന്ന പ്രതീക്ഷിക്കുന്ന മണ്ഡലമാണ് തൃശൂര്‍. സിറ്റിംഗ് എംപി ടി.എന്‍ പ്രതാപനെ മാറ്റി കോണ്‍ഗ്രസ് കളത്തിലിറക്കിയത് കെ. മുരളീധരനെയാണ്. വടകരയില്‍ നിന്നാണ് മുരളീധരനെ പൂരങ്ങളുടെ നാട്ടില്‍ ഗോദയിലിറക്കിയത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൈവിട്ടുപോയ മണ്ഡലമായ തൃശൂരില്‍ ഇത്തവണ സിപിഐ സ്ഥാനാര്‍ത്ഥിയാക്കിയത് മുന്‍ സംസ്ഥാനമന്ത്രിയായ വിഎസ് സുനില്‍ കുമാറിനെയാണ്. ഏതു വിധേനെയും മണ്ഡലം തിരിച്ചു പിടിക്കുകയാണ് സിപിഐയുടെ ലക്ഷ്യം.
ബിജെപി ഇത്തവണയും കളത്തിലിറക്കിയത് സിനിമാനടന്‍ കൂടിയായ സുരേഷ് ഗോപിയെയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന മാസങ്ങള്‍ക്ക് മുമ്പ് തന്നെ ‘തൃശൂര്‍ ഇങ്ങ്ടുക്കുവാ’ യെന്നു സുരേഷ്ഗോപി പറഞ്ഞിരുന്നു. വിജയത്തിലുള്ള തികഞ്ഞ ആത്മവിശ്വാസമാണ് സുരേഷ് ഗോപിയെ കൊണ്ട് ഇങ്ങനെ പറയിപ്പിച്ചത്. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ എന്ത് സംഭവിക്കും? കോണ്‍ഗ്രസ് നിലനിര്‍ത്തുമോ? വിഎസ് സുനില്‍ കുമാര്‍ പിടിച്ചെടുക്കുമോ? അതോ സുരേഷ് ഗോപി എടുക്കുമോ? ഈ ചോദ്യത്തിനു ഉത്തരം കണ്ടെത്താവുന്ന നിലയിലേക്ക് തൃശൂരിലെ ജനമനസ്സ് ആര്‍ക്കും തിരിച്ചറിയാനായിട്ടില്ല.
2019ലെ തെരഞ്ഞെടുപ്പില്‍ സിപിഐ കളത്തിലിറക്കിയത് യുവ നേതാവായ രാജാജി മാത്യുവിനെയാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത് ദാരിദ്ര്യത്തിന്റെ രുചി നന്നായി അനുഭവിച്ചു വളര്‍ന്ന മത്സ്യത്തൊഴിലാളിയായ ടിഎന്‍ പ്രതാപനെയും ബിജെപി സ്ഥാനാര്‍ത്ഥിയായത് സുരേഷ് ഗോപിയും. ശബരിമല വിഷയത്തില്‍ അന്നുണ്ടായ രാഷ്ട്രീയ അന്തരീക്ഷം സുരേഷ്ഗോപിക്കു തുണയാകുമെന്നായിരുന്നു അന്നുണ്ടായ പൊതു പ്രതീക്ഷ. പക്ഷെ വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ എല്ലാ പ്രതീക്ഷകളും പൊട്ടി തകര്‍ന്നു.
സിപിഐയുടെ രാജാജി മാത്യുവിനെ കടപുഴക്കിയെറിഞ്ഞ ടിഎന്‍ പ്രതാപന്‍ 93,633 വോട്ടുകള്‍ക്ക് വിജയിച്ചു. സിപിഐക്ക് രാജ്യത്ത് ആകെയുണ്ടായിരുന്ന തൃശൂര്‍ മണ്ഡലവും കൈവിട്ടുപോയി. വിജയപ്രതീക്ഷയിലായിരുന്ന സുരേഷ് ഗോപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവെന്നതും തൃശൂരിന്റെ ചരിത്രമായി. 2019ലെ അന്തരീക്ഷമല്ല ഇപ്പോള്‍ തൃശൂരില്‍. അത് മൂന്നു സ്ഥാനാര്‍ത്ഥികള്‍ക്കും അവരുടെ പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കും കൃത്യമായി അറിയാം. അതു കൊണ്ടു തന്നെയാണ് സിറ്റിംഗ് എംപിയെ മാറ്റി കെ മുരളീധരനെ തൃശൂരില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്. പത്മജ ബിജെപിയിലേക്ക് ചേക്കേറിയത് വഴിയുള്ള വോട്ടുചോര്‍ച്ച തടയുകയാണ് ഇതിനുള്ള കാരണം. എന്നാല്‍ സുരേഷ് ഗോപിയും വിഎസ് സുനില്‍ കുമാറും ഉയര്‍ത്തുന്ന ഭീഷണികളെ അതിജീവിക്കാന്‍ പൂരങ്ങളുടെ നാടായ തൃശൂരില്‍ കോണ്‍ഗ്രസിന് കഴിയുമോ? ആ ചോദ്യത്തിനുള്ള ഉത്തരം അറിയാനുള്ള ആകാംക്ഷയിലാണ് തൃശൂരിന്റെ മണ്ണും മനസ്സും.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page