നാരായണന്‍ പേരിയ
നല്ല കാര്യം ആര് ചെയ്താലും അവരെ അനുമോദിക്കണം; ശത്രുവോ, മിത്രമോ എന്ന് നോക്കേണ്ടാ. ചെയ്തത് ആര് എന്നല്ല, എന്ത് ചെയ്തു എന്നാണ് നോക്കേണ്ടത്. ഈ തത്ത്വപ്രകാരം പാക്ക് പ്രസിഡണ്ടിനെയും മന്ത്രിമാരെയും മുക്തകണ്ഠം അഭിനന്ദിക്കണം, അവരെ മാതകയാക്കി പ്രവര്‍ത്തിക്കണമെന്ന് നമ്മുടെ ഭരണാധികാരികളോട് അഭ്യര്‍ത്ഥിക്കണം.
പാക്ക് ഭരണാധികാരികളെ അഭിനന്ദിക്കുകയോ എന്ന് ചോദിക്കുന്നവരുടെ തെറ്റിദ്ധാരണ മാറ്റാന്‍ വ്യക്തമാക്കട്ടെ, എന്താണ് പാക്കിസ്ഥാനില്‍ ഭരണം കൈയാളുന്നവര്‍ ചെയ്ത അഭിനന്ദനീയമായ കാര്യം എന്ന്. വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് പാക്കിസ്ഥാന്‍. അതുകൊണ്ട് പാക്ക് പ്രസിഡണ്ട് ആസിഫ് അലി അന്‍സാരി തീരുമാനിച്ചു. തല്‍ക്കാലം ശമ്പളം വാങ്ങേണ്ടാ എന്ന്. അക്കാര്യം തുറന്ന് പറഞ്ഞു. അത് കേട്ട പ്രധാനമന്ത്രി ഷഹബാദ് ഷരീഫും മന്ത്രിമാരും ഒറ്റക്കെട്ടായി തീരുമാനമെടുത്തു. പ്രസിഡണ്ടിന്റെ ഉദാത്തമാതൃക പിന്‍തുടരാന്‍ ആരും ശമ്പളം വാങ്ങുന്നില്ല തല്‍ക്കാലം എന്ന്; സാമ്പത്തിക പ്രതിസന്ധി നീങ്ങുന്നത് വരെ മാത്രമല്ല, മന്ത്രിമാരുടെയും സര്‍ക്കാരുദ്യോഗസ്ഥന്മാരുടെയും വിദേശയാത്രകളും നിയന്ത്രിച്ചിട്ടുണ്ട്. അത്യാവശ്യമെങ്കില്‍ മാത്രം വിദേശ യാത്ര.
നമ്മുടെ നാട്ടിലോ? സാമ്പത്തിക പ്രതിസന്ധി- അതേ നമ്മുടെ മന്ത്രിമാര്‍ക്ക് പറയാനുള്ളൂ. ജീവനക്കാരുടെ ശമ്പളവും റിട്ടയര്‍ ചെയ്തവര്‍ക്കുള്ള പെന്‍ഷനും ക്ഷാമബത്തകളും തല്‍ക്കാലം പ്രതീക്ഷിക്കേണ്ടാ. വര്‍ദ്ധിപ്പിക്കാന്‍ നിര്‍വ്വാഹമില്ല. വര്‍ദ്ധിപ്പിക്കാം, കുടിശ്ശികയായി കിടക്കട്ടെ. എന്നാല്‍, സ്വന്തം കാര്യത്തിലോ? ഒരു കുറവും വരുത്തുകയില്ല. അക്കാര്യം പറയാറില്ലല്ലോ. യാത്രകള്‍, വസതികളുടെ മിനിക്കുപണികള്‍, പുതിയ വാഹനങ്ങള്… എല്ലാം പണ്ടേപ്പോലെ…