മോസ്കോയിൽ സംഗീത പരിപാടിയ്‌ക്കിടെ ഭീകരാക്രമണം; 60 പേർ കൊല്ലപ്പെട്ടു; 100ലേറെ പേര്‍ക്ക് പരിക്കേറ്റു; ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തു

മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ സംഗീത പരിപാടിക്കിടെ നടന്ന ഭീകരാക്രമണത്തിൽ 60 പേർ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്ക് പരിക്കേറ്റു. ഇതിൽ 40 ഓളം പേരുടെ നില ഗുരുതരമാണ്. മോസ്കോയിലെ ക്രോക്കസ് സിറ്റി ഹാളിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. സംഗീതപരിപാടിക്കിടെ മുഖംമൂടി ധരിച്ച അക്രമികൾ കാണികൾക്കുനേരേ വെടിയുതിർക്കുകയായിരുന്നു. അക്രമിസംഘത്തിൽ അഞ്ചുപേരുണ്ടായിരുന്നു. വെടിവെയ്പിന് പിന്നാലെ കെട്ടിടത്തിൽ നിരവധി സ്ഫോടനങ്ങളും നടന്നു. കെട്ടിടത്തിൽനിന്ന് തീ ഉയരുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തു.
ഒൻപതിനായിരത്തോളം ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന കെട്ടിടസമുച്ചയത്തിലായിരുന്നു പരിപാടി നടന്നത്. ആറായിരം പേരോളം വെടിവെപ്പ് നടക്കുമ്പോൾ സംഭവസ്ഥലത്തുണ്ടായിരുന്നു. ഭീകരാക്രമണമെന്നാണ് റഷ്യൻ വിദേശകാര്യമന്ത്രാലയം സംഭവത്തെ വിശേഷിപ്പിച്ചത്. ആഴ്ചയവസാനം നടക്കാനിരുന്ന എല്ലാ പരിപാടികളും റദ്ദാക്കിയതായി മോസ്കോ മേയർ അറിയിച്ചു. അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ ഭീകരാക്രമണത്തെ അപലപിച്ചു.
അഞ്ച് അക്രമികളാണ് വെടിയുതിർത്തതെന്നാണ് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അക്രമികളെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല. 14 മരണങ്ങൾ ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ മോസ്കോ വിമാനത്താവളത്തിന്റെ സുരക്ഷ കൂട്ടിയിട്ടുണ്ട്. യുക്രൈന് ഭീകരാക്രമണവുമായി ബന്ധമില്ലെന്നാണ് വൈറ്റ് ഹൗസിന്റെ പ്രതികരണം.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page