വായിച്ചു വളരുന്ന സതീദേവി

കൂക്കാനം റഹ്‌മാന്‍

അറുപത് പിന്നിട്ടപ്പോഴാണ് സതിക്ക് വായിക്കാന്‍ മോഹം വന്നത്. പണ്ട് മൂന്നാം ക്ലാസ് വരെ സ്‌കൂളില്‍ പോയിരുന്നു. ഇപ്പോള്‍ അക്ഷരം പോലും മറന്നു. ഏകമകന്‍ പോളിടെക്ക്‌നിക്കു വിദ്യാര്‍ത്ഥിയാണ്. പുസ്തകം വായിച്ച് നിരൂപണം എഴുതി വരാന്‍ പോളിടെക്കിനിക്കില്‍ നിന്നു നിര്‍ദ്ദേശം കിട്ടി. മകനും പാഠ പുസ്തകമൊഴിച്ച് മറ്റൊരു പുസ്തകവും വായിക്കാറില്ല. അമ്മയോട് ലൈബ്രറിയില്‍ പോയി ഏതെങ്കിലും ചെറിയൊരു പുസ്തകം എടുത്തു കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. മകന്റെ ഏത് ആഗ്രഹവും സഫലീകരിച്ചു കൊടുക്കാന്‍ സതി സന്നദ്ധയായിരുന്നു. സതി വീട്ടിന് അല്പം അകലെയുളള ലൈബ്രറിയില്‍ ചെന്ന് ഒരു പുസ്തകം ആവശ്യപ്പെട്ടു. മെമ്പര്‍ഷിപ്പ് ഉള്ളവര്‍ക്കേ ബുക്ക് കൊടുക്കൂ എന്നാണ് ലൈബ്രറേറിയന്‍ പറഞ്ഞത്. അതിന് 60 രൂപ അടക്കണമെന്നും സൂചിപ്പിച്ചു. അതൊന്നും സതിക്കറിയില്ലായിരുന്നു. കയ്യില്‍ പൈസ കരുതിയിരുന്നില്ല. കാര്യം തിരിച്ചറിഞ്ഞ ലൈബ്രറേറിയന്‍ 60 രൂപ കടം നല്‍കി മെമ്പര്‍ഷിപ്പ് എടുപ്പിച്ചു. ബഷീറിന്റെ പാത്തുമ്മയുടെ ആട് എന്ന പുസ്തകവുമായി വീട്ടിലെത്തി.
വീട്ടിലെത്തി പുസ്തകം മറിച്ചു നോക്കി. അതിലുള്ള ചിത്രങ്ങളും മറ്റും കണ്ടപ്പോള്‍ നോക്കിയിരിക്കാന്‍ താല്‍പര്യം തോന്നി. പണ്ടു പഠിച്ച ചില അക്ഷരങ്ങള്‍ നോക്കി വായിച്ചു. കൂട്ടിവായിക്കാന്‍ പറ്റുന്നില്ല. അമ്മയുടെ ശ്രമം കണ്ടപ്പോള്‍ മകന്‍ രതു കൃഷ്ണന്‍ അമ്മയെ സഹായിച്ചു. കൂട്ടിവായിക്കാന്‍ പഠിപ്പിച്ചു. വായിക്കാനുള്ള മോഹം കൂടികൂടി വന്നു. കഷ്ടിച്ച് വായിക്കാന്‍ തുടങ്ങി.
സതി ബീഡി തൊഴിലാളിയായിരുന്നു. കമ്പനിയില്‍ ഒപ്പം പണിയെടുക്കുന്ന തൊഴിലാളികള്‍ പുസ്തകം വായിച്ചു അതിലെ കഥകള്‍ പറയുമ്പോള്‍ സതിക്ക് നിരാശ തോന്നി. അന്നേ തുടങ്ങിയതാണ് വായിക്കാന്‍ പഠിക്കണമെന്ന മോഹം. ഇപ്പോള്‍ ബീഡിപ്പണി മതിയാക്കി ആടുവളര്‍ത്തലാണ് പ്രധാന ജോലി. ആടുകളേയും കൊണ്ട് കുന്നിന്‍പുറത്തേക്ക് പോകും. ആടിനെ മേയാന്‍ വിട്ട് തണലിലിരുന്ന് കയ്യില്‍ കരുതിയ പുസ്തകം വായിക്കും. വായന തുടങ്ങിയാല്‍ ചുറ്റുപാടുകളെക്കുറിച്ചു മറക്കും. സഹായിയായി വളര്‍ത്തുനായ കൂടെയുണ്ട്. സന്ധ്യയാവും വീട്ടില്‍ തിരികെയെത്താന്‍. ഭര്‍ത്താവ് രാമകൃഷ്ണന്‍ വീട്ടില്‍ നിന്ന് വിളി തുടങ്ങും. ആടുകളുടെ പള്ള നിറഞ്ഞിട്ടില്ല അതാണ് വൈകുന്നതെന്ന് പറയും. ഭര്‍ത്താവ് തിരിച്ചു പറയും ‘നിന്റെ വായന കഴിയുന്നതുവരെ ആടുകളുടെ പള്ള നിറയില്ലാ’യെന്ന്. വായന തുടങ്ങിയിട്ട് മൂന്ന് നാല് വര്‍ഷത്തോളമായി. ഇതിനോടകം അഞ്ഞൂറോളം പുസ്തകങ്ങള്‍ വായിച്ചു കഴിഞ്ഞു. അതിന്റെ കുറിപ്പുകളും എഴുതിയിട്ടുണ്ട്. പ്രമുഖ എഴുത്തുകാരായ മാധവിക്കുട്ടി, ഉറുബ് വൈക്കം മുഹമ്മദ് ബഷീര്‍, സി.വി. ബാലകൃഷണന്‍, സന്തോഷ് ഏച്ചിക്കാനം, അംബികാസുതന്‍ എന്നിവരുടെയൊക്കെ പുസ്തകങ്ങള്‍ വായിച്ചവയില്‍ പെടും. ഇവരില്‍ ചിലരുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ട്. യു.കെ. കുമാരന്‍ സതിയുടെ ജീവിതവുമായി ബന്ധപ്പെടുത്തി ‘ആടുവളര്‍ത്തിയ വായനക്കാരി ‘ എന്നൊരു കഥ എഴുതിയിട്ടുണ്ട്.
കരിവെള്ളൂര്‍ പാലക്കുന്ന് പാഠശാലയില്‍ ജൂണ്‍ 19 ന് വായനാ ദിനവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുത്തപ്പോഴാണ് ഞാന്‍ സതിയെ നേരിട്ടു കാണുന്നത്. ഇതേ വരെ സ്വന്തമായി ഒരു വീടുണ്ടാക്കാന്‍ കഴിഞ്ഞില്ല. ആടിനെ വളര്‍ത്തുന്ന കൂടിന് സമീപമായി ഒരു കൊച്ചു കൂരയുണ്ടാക്കി അതിലാണ് സതിയും മകന്‍ രതു കൃഷ്ണനും, രാമകൃഷ്ണന്‍ താമസിച്ചു വരുന്നത്. മകനെ പഠിപ്പിച്ച് ഒരു കരക്കെത്തിക്കണം എന്ന ലക്ഷ്യത്തോടെയാണ് സതി ജീവിക്കുന്നത്. സതിയുടെ വായനക്കഥ മനസ്സിലാക്കി ഒരു പത്രത്തില്‍ ലേഖനമെഴുതി. ഇത് പായിച്ചറിഞ്ഞ് മാതൃഭൂമി പത്രത്തില്‍ നിന്ന് പ്രതിനിധികള്‍ വന്ന് സതിയുടെ കഥ പ്രസി ദ്ധീകരിച്ചു. അതിനു ശേഷം മനോരമ ചാനല്‍, 24 ചാനല്‍, നിരവധി പ്രാദേശിക ചാനലുകളില്‍ സതിയുടെ ജീവിതം പ്രസിദ്ധപ്പെടുത്തി. ആകാശവാണിയും ശ്രദ്ധാപൂര്‍വ്വം സതീദേവിയെ ശ്രോതാക്കളുടെ ഇടയില്‍ എത്തിച്ചു. ഗ്രാമ പ്രദേശങ്ങളിലെ നിരവധി ക്ലബ്ബുകളും ഗ്രന്ഥശാലകളും സതിയെ ആദരിച്ചു കൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page