കണ്ണിക്കുളങ്ങര തറവാട് തിരുമുറ്റത്ത് മാനവ സൗഹാര്‍ദ്ദം വിളിച്ചോതി ഇഫ്താര്‍ സംഗമം

കാസര്‍കോട്: ഈമാസം അവസാന വാരത്തില്‍ വയനാട്ടുകുലവന്‍ തെയ്യം കെട്ട് നടക്കുന്ന ഉദുമ കണ്ണിക്കുളങ്ങര തറവാട്ടില്‍ ബുധനാഴ്ച്ച സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം സാഹോദര്യവും മതമൈത്രിയുടെ സന്ദേശവും വിളിച്ചോതുന്നതായി. മത സൗഹാര്‍ദ്ദത്തിന് ഇതുവരെ ഒരു കോട്ടവും സംഭവിക്കാത്ത ഉദുമയില്‍ നടക്കുന്ന തെയ്യം കെട്ടുകളും ഉറൂസുകളും മറ്റു ആഘോഷങ്ങളും മനുഷ്യ മനസുകളെ തമ്മില്‍ അടുപ്പിക്കുന്നതാണ്. മുസ്ലിങ്ങളുടെ വ്രത ശുദ്ധിയുടെ മാസമായ റമസാനില്‍ കണ്ണിക്കുളങ്ങര തറവാട്ടില്‍ നടക്കുന്ന വയനാട്ടുകുലവന്‍ തെയ്യം കെട്ട് മഹോത്സവത്തോടനുബന്ധിച്ചാണ് ആഘോഷ കമ്മിറ്റി ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്. ഉദുമ ടൗണ്‍ ജുമാ മസ്ജിദ്, ഉദുമ പടിഞ്ഞാര്‍ മുഹ്യുദ്ദീന്‍ ജുമാ മസ്ജിദ്, പാക്യാര മുഹ്യുദ്ദീന്‍ ജുമാമസ്ജിദ്, ഉദുമ ടൗണ്‍ ഖുബ മസ്ജിദ് എന്നിവിടങ്ങളിലെ ഭാരവാഹികള്‍, പരിസരവാസികളായ വിശ്വാസികള്‍, ഉദുമ ടൗണിലെ വ്യാപാരികള്‍ ഉള്‍പെടെയുള്ളവര്‍ പങ്കെടുത്ത ഇഫ്താര്‍ മീറ്റ് ഉദുമയുടെ മാനവ ഐക്യ ത്തിന്റെ സന്ദേശം കൂടിയായി. ഒരു മേശക്ക് ചുറ്റുമിരുന്ന് നോമ്പ് തുറന്ന ശേഷം പരസ്പരം ഹസ്ത ദാനം നല്‍കിയാണ് എല്ലാവരും പിരിഞ്ഞു പോയത്. തറവാട് തിരുമുറ്റത്ത് നടന്ന ഇഫ്താര്‍ സംഗമം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം പ്രസിഡന്റ് കെ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ഉദയമംഗലം സുകുമാരന്‍ സ്വാഗതം പറഞ്ഞു. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി, പളളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം കുമാരന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഗീത കൃഷ്ണന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പുഷ്പ ശ്രീധരന്‍, വി ആര്‍ വിദ്യാസാഗര്‍, ഹക്കീം കുന്നില്‍, കെഇഎ ബക്കര്‍, കെ ശിവരാമന്‍ മേസ്ത്രി, മുഹമ്മദ് കുഞ്ഞി പൂച്ചക്കാട്, ഉദുമ ടൗണ്‍ ജമാഅത്ത് കമ്മിറ്റി ഭാരവാഹികളായ കെ എ മുഹമ്മദലി, ഇ കെ അബ്ദുല്‍ ലത്തീഫ്, യുസഫ് റൊമാന്‍സ്, ഉദുമ പടിഞ്ഞാര്‍ മുഹ്യുദ്ദീന്‍ ജമാ അത്ത് കമ്മിറ്റി ഭാരവാഹി അബ്ദുല്‍ റഹ്‌മാന്‍ സഫര്‍, പാക്യാര മുഹ്യുദ്ദീന്‍ ജമാ അത്ത് കമ്മിറ്റി ഭാരവാഹികളായ പിഎം മുഹമ്മദ് കുഞ്ഞി, ബഷീര്‍ പാക്യാര എന്നിവരും ജി ജാഫര്‍, കെ എം അബ്ദുല്‍ റഹ്‌മാന്‍ പ്രസംഗിച്ചു. സമൂഹ നോമ്പ് തുറയില്‍ പികെ അഷ്റഫ്, ടി വി മുഹമ്മദ് കുഞ്ഞി ഹാജി, കെഎ ഷുക്കൂര്‍, ഇസ്മയില്‍ ഉദുമ, ഹമീദ് കുണ്ടടുക്കം, ജാസ്മിന്‍ റഷീദ്, ബീവി മാങ്ങാട്, ശകുന്തള ഭാസ്‌കരന്‍, ചന്ദ്രന്‍ നാലാംവാതുക്കല്‍, വികെ അശോകന്‍, കെ വിനയകുമാര്‍, വൈ കൃഷ്ണ ദാസ്, വിജയരാജ് ഉദുമ, രാജേഷ് മാങ്ങാട് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page