30 ലക്ഷം വേണം; കൈകാല്‍ കെട്ടിയിട്ട് ബന്ധിയാക്കിയ ചിത്രം പിതാവിന് അയച്ചുകൊടുത്തു; പിതാവിന്റെ പണം തട്ടാനുള്ള മകളുടെ ശ്രമം പൊലീസ് തടഞ്ഞു

വ്യാജ തട്ടിക്കൊണ്ടുപോകല്‍ കഥയുണ്ടാക്കി പിതാവില്‍നിന്ന് 30 ലക്ഷം രൂപ തട്ടാന്‍ ശ്രമിച്ച യുവതിയെ രാജസ്ഥാന്‍ പൊലീസ് കൈയ്യോടെ പൊക്കി. മകളെ ചിലര്‍ തട്ടിക്കൊണ്ടുപോയെന്നും മോചനത്തിനായി 30 ലക്ഷം രൂപ ഇവര്‍ ആവശ്യപ്പെട്ടെന്നും കാണിച്ച് യുവതിയുടെ പിതാവ് പൊലീസിന് നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. രാജസ്ഥാനിലെ കോട്ടയിലുള്ള കോച്ചിങ് സെന്ററില്‍ പഠിക്കുന്ന 21 കാരിയായ മകളുടെ കൈയ്യും കാലും കെട്ടിയ നിലയിലുള്ള ചിത്രങ്ങള്‍ ലഭിച്ചെന്നും ആരോ തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്നുമാണ് പിതാവ് പരാതിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍, പൊലീസ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ തട്ടിക്കൊണ്ടുപോകല്‍ വ്യാജമാണെണ് കണ്ടെത്തി. മാര്‍ച്ച് 18-ന് പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയെ തുടര്‍ന്ന് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. മാതാപിതാക്കള്‍ താമസിക്കുന്ന പ്രദേശത്തുനിന്ന് 400 കിലോമീറ്റല്‍ അകലെയുള്ള ഇന്‍ഡോറില്‍ രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പമാണ് യുവതി താമസിച്ചിരുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. സുഹൃത്തുക്കളില്‍ ഒരാളെ അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. തനിയ്ക്ക് ഇന്ത്യയില്‍ പഠിക്കാന്‍ താല്‍പര്യമില്ലെന്നും ഒപ്പമുള്ള മറ്റൊരു സുഹൃത്തുമായി വിദേശത്തേയ്ക്കുപോകണമെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നതായി സുഹൃത്ത് വെളിപ്പെടുത്തി. അതിനായി പണം ആവശ്യമാണെന്ന് അവള്‍ തന്നോട് പറഞ്ഞിരുന്നതായും സുഹൃത്ത് പോലീസിനെ അറിയിച്ചു. മധ്യപ്രദേശ് സ്വദേശിയായ യുവതിയെ ഇവരുടെ അമ്മ ഓഗസ്റ്റ് അഞ്ചിനാണ് കോട്ടയിലെ കോച്ചിങ് സെന്ററില്‍ ചേര്‍ത്തത്. ഓഗസ്റ്റ് മൂന്നുവരെ പെണ്‍കുട്ടി ഇവിടെ തുടര്‍ന്നെങ്കിലും പിന്നീട് ഇന്‍ഡോറിലേയ്ക്ക് പോയി. കഴിഞ്ഞ ഏഴുമാസമായി കോട്ടയിലോ നഗരത്തിലുള്ള കോച്ചിങ് സെന്ററുകളിലോ ഹോസ്റ്റലുകളിലോ പെണ്‍കുട്ടി ഉണ്ടായിരുന്നില്ല. താന്‍ സ്ഥാപനത്തില്‍ പഠിക്കുകയാണെന്ന് വിശ്വസിപ്പിക്കാനായി പരീക്ഷകളിലെ പ്രകടനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പെണ്‍കുട്ടി മറ്റൊരു മൊബൈല്‍ നമ്പരില്‍നിന്ന് രക്ഷിതാക്കള്‍ക്ക് അയച്ചിരുന്നു. ഒരുപടികൂടി കടന്നാണ് ഇപ്പോള്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ സഹായത്തോടെ വ്യാജ തട്ടിക്കൊണ്ടുപോകല്‍ പദ്ധതി യുവതി ആവിഷ്‌കരിച്ചത്. ഇന്‍ഡോറിലെ ഫ്‌ലാറ്റില്‍ വെച്ച് കൈകാലുകള്‍ കെട്ടിയിട്ട് വ്യാജചിത്രങ്ങളെടുത്ത് പിതാവിന് അയച്ചുകൊടുക്കുകയായിരുന്നെന്നും പോലീസ് സൂപ്രണ്ട് വ്യക്തമാക്കി. ഉടന്‍ വീട്ടിലേക്ക് മടങ്ങാനും സഹായത്തിനായി അടുത്തുള്ള പോലീസ് സ്റ്റേഷനെ സമീപിക്കാനും പെണ്‍കുട്ടിയോട് അഭ്യര്‍ഥിക്കുന്നതായി കോട്ട പൊലീസ് സൂപ്രണ്ട് അമൃത ദുഹാന്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page