കാസർകോട്: കാഞ്ഞങ്ങാട് അമ്പലത്തറ ഗുരുപുരത്തെ അടച്ചിട്ട വീട്ടിൽ നിന്നും ഏഴര കോടിയോളം രൂപയുടെ നോട്ടുകൾ കണ്ടെത്തി. കണ്ടെത്തിയ കറൻസികളിൽ നിരോധിത 2000 രൂപയുടെ നോട്ടുകളും, കള്ള നോട്ടുകളും, ഫാൻസി നോട്ടുകളും ഉൾപ്പെടുന്നു. ബുധനാഴ്ച വൈകിട്ട് അമ്പലത്തറ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തിയത്. ഗുരുപുരത്തെ പ്രവാസിയായ കെ പി ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള വീടാണിത്. ഇദ്ദേഹം ഒരു വർഷം മുമ്പ് പാണത്തൂർ സ്വദേശി അബ്ദുൽ റസാഖ് എന്ന ആൾക്ക് വാടകയ്ക്ക് നൽകിയിരുന്നു. പ്രതിമാസം 7500 രൂപ വാടകയ്ക്ക് ആണ് വീട് വിട്ടുകൊടുത്തത്. ഇയാളും കുടുംബവുമാണ് ഇപ്പോൾ ഇവിടെ താമസിക്കുന്നത്. പൂജാമുറിയിൽ നിന്നും കിടപ്പുമുറിയിൽ നിന്നുമാണ് നോട്ടുകൾ കണ്ടെത്തിയത്.
ചാക്കിൽ കെട്ടിവെച്ച നിലയിലായിരുന്നു നോട്ടുകൾ.
അമ്പലത്തറ സി ഐ പ്രജീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് വീട്ടിൽ പരിശോധനയ്ക്ക് എത്തിയത്. വിവരമറിഞ്ഞ് ബേക്കൽ ഡിവൈഎസ്പി ജയൻ ഡൊമനിക്കും സ്ഥലത്തെത്തി. അബ്ദുൽ റസാക്കിന്റെ മറ്റു ബന്ധം പൊലീസ് അന്വേഷിക്കുകയാണ്. രാത്രി വൈകിയാണ് കറൻസികൾ മുഴുവനും എണ്ണിത്തിട്ടപ്പെടുത്താൻ കഴിഞ്ഞത്.