കാസര്‍കോട്: നാട്ടുകാരുടെയും കര്‍ഷകരുടെയും പേടിസ്വപ്നമായി മാറിയ ‘കുട്ടിശങ്കരന്‍’ എന്ന കാട്ടാനയുടെ ആക്രമണം തുടരുന്നു. കാനത്തൂരില്‍ വ്യാപകമായി കൃഷി നശിപ്പിച്ചു. കാനത്തൂര്‍, വീട്ടിയാടി, കാലിപ്പള്ളം ഭാഗങ്ങളില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് തോട്ടങ്ങളില്‍ കാട്ടാന ഇറങ്ങിയത്. പ്രശാന്ത് കാനത്തൂര്‍, രാജന്‍, ശശി, പി.കെ നാരായണന്‍ എന്നിവരുടെ തോട്ടത്തിലെത്തിയ ആന വാഴ, കവുങ്ങ്, തെങ്ങ് എന്നിവ വ്യാപകമായി നശിപ്പിച്ചു. ഒരു മരം കുത്തിക്കീറിയ നിലയിലാണ്. നേരം പുലര്‍ന്നതോടെ കാട്ടിലേക്ക് നീങ്ങിയ ആന തെക്കന്‍കൊച്ചി വനത്തില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. കര്‍ണ്ണാടക അതിര്‍ത്തി കടന്ന് എത്തിയ ‘കുട്ടിശങ്കരന്‍’ ദിവസങ്ങളായി ഈ ഭാഗങ്ങളില്‍ തോട്ടങ്ങളിലിറങ്ങി കൃഷി നശിപ്പിച്ചു വരികയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
