കാരുണ്യമതികൾ കനിഞ്ഞാല്‍ വൈഗ മോള്‍ക്കും കാഴ്ചയും ജീവനും കിട്ടും

കാസര്‍കോട്: ഇത് വൈഗ മോള്‍. പ്രായം ഒരു വയസ്സ്. കുഞ്ഞിളം കാലുകള്‍ നിലത്തുറപ്പിച്ച്, പിച്ചവെച്ച് നടക്കേണ്ടവള്‍ ഇപ്പോഴും ഒരേ കിടപ്പിലാണ്. കാഴ്ചയാണെങ്കില്‍ ക്രമേണ കുറഞ്ഞു വരുന്നു. അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കിയാല്‍ വൈഗ മോള്‍ക്കും ഒരു ജീവിതം ഉണ്ടാകും. പക്ഷെ, കൂലിപ്പണിയെടുക്കുന്ന വൈഗയുടെ അച്ഛന്റെ വരുമാനം കൊണ്ട് ശസ്ത്രക്രിയക്കുള്ള ഭാരിച്ച ചെലവ് കണ്ടെത്താനാകില്ല. കുമ്പള, ബംബ്രാണ, തിലക്നഗറിലെ രമേശ്-ശ്രുതി ദമ്പതികളുടെ മകളാണ് വൈഗ. ജന്മനാ ആരോഗ്യം ശോഷിച്ച നിലയിലായിരുന്നു. എന്നാല്‍ ക്രമേണ ശരിയാകുമെന്നായിരുന്നു മാതാപിതാക്കളുടെ പ്രതീക്ഷ. പക്ഷെ മകള്‍ക്ക് ഒന്ന് സ്വയം അനങ്ങാനോ തിരിഞ്ഞു കിടക്കാനോ കഴിയില്ലെന്ന് പിന്നീടാണ് മനസ്സിലായത്. മകളെ സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരുന്നതിന് ഉള്ളതെല്ലാം വിറ്റു പെറുക്കി ചികിത്സ നടത്തിയെങ്കിലും ലക്ഷ്യം കണ്ടില്ല. തലച്ചോറിനകത്തെ തകരാറാണ് വൈഗയുടെ ശാരീരികാവസ്ഥ ഇങ്ങനെയാകാന്‍ കാരണമെന്നാണ് ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. ശസ്ത്രക്രിയ നടത്തിയാല്‍ വൈഗയെ രക്ഷിക്കാന്‍ കഴിയുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ ഇതിനു വേണ്ടി വരുന്ന ഭാരിച്ച ചെലവ് എങ്ങനെ കണ്ടെത്തുമെന്നറിയാതെ കണ്ണീരൊഴുക്കുകയാണ് വൈഗയുടെ മാതാപിതാക്കള്‍. കാരുണ്യമതികള്‍ മിഴി തുറന്നാല്‍ തങ്ങളുടെ പൊന്നുമോള്‍ക്ക് സാധാരണ ജീവിതം ഉണ്ടാകുമെന്നാണ് ഇവരുടെ പ്രതീക്ഷ. സഹായങ്ങള്‍, കേരള ഗ്രാമീണ ബാങ്ക് കുമ്പള ശാഖയിലെ 40517101011030 നമ്പര്‍ അക്കൗണ്ടിലേക്ക് അയക്കാം.
ഐ.എഫ്.സി കോഡ്: കെ.എല്‍.ജി.ബി 0040517

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page