ന്യൂഡല്‍ഹി: ആകാംക്ഷകള്‍ക്ക് വിരാമമിട്ട് രാജ്യത്തെ 543 ലോക്‌സഭാമണ്ഡലങ്ങളിലേയ്ക്കുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ പ്രഖ്യാപിച്ചു.
ഏഴു ഘട്ടങ്ങളിലാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടക്കുക. ഏപ്രില്‍ 19, മേയ് 7, 13, 20, 25, ജൂണ്‍ ഒന്ന് തീയതികളിലാണ് മറ്റ് ഘട്ടങ്ങള്‍. കേരളത്തില്‍ ഏപ്രില്‍ 26 നാണ് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണല്‍ ജൂണ്‍ നാലിന് നടക്കും. ആദ്യ ഘട്ടത്തില്‍ 102 ലോക്‌സഭാ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കും. തമിഴ്‌നാട്, രാജസ്ഥാന്‍, ഛത്തീസ്ഘട്ട്, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തില്‍ 13 സംസ്ഥാനങ്ങളിലെ 89 മണ്ഡലങ്ങളിലും മൂന്നാമത്തെ ഘട്ടത്തില്‍ 94 മണ്ഡലങ്ങളിലും നാലാം ഘട്ടത്തില്‍ 96 മണ്ഡലങ്ങളിലും അഞ്ചാം ഘട്ടത്തില്‍ 49 മണ്ഡലങ്ങളിലും ആറാം ഘട്ടത്തില്‍ 57 മണ്ഡലങ്ങളിലും ഏഴാം ഘട്ടത്തില്‍ 57 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കും. ഒപ്പം ആന്ധ്രപ്രദേശ്, ഒഡീഷ, അരുണാചല്‍പ്രദേശ്, സിക്കിം എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പു തീയതികളും പ്രഖ്യാപിച്ചു. ആന്ധ്രപ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളില്‍ മേയ് 13നും അരുണാചല്‍പ്രദേശ്, സിക്കിം സംസ്ഥാനങ്ങളില്‍ ഏപ്രില്‍ 19നുമാണ് വോട്ടെടുപ്പ്.
വോട്ടെടുപ്പ് പ്രഖ്യാപിച്ചതോടെ പെരുമാറ്റ ചട്ടം നിലവില്‍ വന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിനൊപ്പം പുതുതായി ചുമതലയേറ്റ കമ്മീഷണര്‍മാരായ ഗ്യാനേഷ് കുമാറും, സുഖ്ബീര്‍ സിംഗ് സന്ധുവും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. തെരഞ്ഞെടുപ്പിന് രാജ്യം പൂര്‍ണ സജ്ജമാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.
തെരഞ്ഞെടുപ്പില്‍ 85 ന് മുകളില്‍ പ്രായമുള്ളവര്‍ക്കും, 40 ശതമാനത്തിലേറെ വൈകല്യമുള്ളവര്‍ക്കും’വോട്ട് ഫ്രം ഹോം’ സൗകര്യം ഒരുക്കിയിട്ടുണ്ട്. അതായത് വീട്ടില്‍വച്ചുതന്നെ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം.
പ്രായാധിക്യം മൂലം അവശനിലയില്‍ ആയി പുറത്തിറങ്ങാന്‍ പ്രയാസമനുഭവിക്കുന്നവര്‍ക്കും ശാരീരികവൈകല്യം മൂലം വോട്ട് ചെയ്യാന്‍ പോകാന്‍ ബുദ്ധിമുട്ടുന്നവര്‍ക്കുമെല്ലാം ഈ സൗകര്യം ഏറെ ആശ്വാസകരമായിരിക്കും.
97 കോടി വോട്ടര്‍മാരാണ് രാജ്യത്തുളളത്. 49.7 കോടി പുരുഷ വോട്ടര്‍മാര്‍ക്കും 47.1 കോടി സ്ത്രീ വോട്ടര്‍മാര്‍ക്കും ഇത്തവണ വോട്ടകാശമുണ്ട്. 48,000 പേര്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാരാണ്. യുവ വോട്ടര്‍മാര്‍ 19.74 കോടി പേരാണ്. കന്നി വോട്ടര്‍മാരില്‍ 85 ലക്ഷം പെണ്‍കുട്ടികളാണ്. 10.5 ലക്ഷം പോളിംഗ് ബൂത്തുകളാണ് രാജ്യത്താകെ സജ്ജീകരിച്ചിട്ടുളളത്.