വേലാശ്വരം: 2023- 24 അധ്യയന വര്‍ഷ പഠനോത്സവത്തോടനുബന്ധിച്ച് വേലാശ്വരം ഗവ.യുപി സ്‌കൂളില്‍ സംഘടിപ്പിച്ച പഴയകാല വീട്ടുപയോഗ സാധനങ്ങളുടെ പ്രദര്‍ശനം ഏറെ ശ്രദ്ധേയമായി. ഗൃഹാതുരത്വം തുളുമ്പുന്ന ഉടുപ്പ് പെട്ടി, ഭരണി, പാക്കുവെട്ടി, ഓലങ്കം, കിണ്ടി, കടക്കോല്‍, കുറുക്ക് കോപ്പ, ചെപ്പ്, ചെമ്പ് തകില, മരിക, വാല്‍ ഉരുളി, ഭസ്മ കൊട്ട, മുരുട, ഇസ്തിരിപ്പെട്ടി, തൂക്കുവിളക്ക്, തളിക, ഓട്ടു ഗ്ലാസ്, ചായ ചെമ്പ് മണ്ണെണ്ണ വിളക്ക്, കോളാമ്പി തുടങ്ങി പഴയകാലത്ത് വീടുകളില്‍ ഉപയോഗിക്കുന്ന സാധനങ്ങളാണ് പഠനോത്സവത്തിന്റെ ഭാഗമായി സ്‌കൂളില്‍ പ്രദര്‍ശനത്തിന് വച്ചത്. ഇത് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും കൗതുക കാഴ്ചയായി മാറി. വിദ്യാര്‍ഥികള്‍ക്കും മറ്റുള്ളവര്‍ക്കും പഴയകാല വീട്ടുപകരണങ്ങളെ പറ്റി അവബോധം സൃഷ്ടിക്കാനാണ് ഈ പ്രദര്‍ശനം സംഘടിപ്പിച്ചത് എന്ന് അധ്യാപികമാരായ വിനീത, മായ എന്നിവര്‍ പറഞ്ഞു.
