ഇലക്ടറല്‍ ബോണ്ട്: എസ്ബിഐയ്ക്ക് തിരിച്ചടി, ഹര്‍ജി തള്ളി സുപ്രീം കോടതി; നാളെത്തന്നെ വിവരം കൈമാറണം

ഇലക്ടറല്‍ ബോണ്ട് കേസില്‍ എസ്ബിഐക്ക് തിരിച്ചടി. തിരഞ്ഞെടുപ്പു കടപ്പത്രം വഴി 2019 മുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു ലഭിച്ച സംഭാവനയുടെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്താന്‍ സാവകാശം ആവശ്യപ്പെട്ട് എസ്ബിഐ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ജൂണ്‍ 30 വരെ സാവകാശം നല്‍കാനാവില്ലെന്ന് അറിയിച്ച സുപ്രീം കോടതി വിവരങ്ങള്‍ നാളെ കൈമാറണമെന്നും ഉത്തരവിട്ടു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിവരങ്ങള്‍ 15ന് പ്രസിദ്ധീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇല്ലെങ്കില്‍ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കുമെന്നും പരമോന്നത കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
ബോണ്ട് വാങ്ങിയവരുടെയും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കിട്ടിയ ബോണ്ടുകളുടെയും വിവരങ്ങള്‍ എസ്ബിഐയുടെ പക്കലുണ്ട്. വാങ്ങിയ ബോണ്ടുകളുടെ വിശദാംശങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാണെന്നിരിക്കെ പിന്നെന്തിനാണ് സാങ്കേതികത്വം പറഞ്ഞ് വൈകിപ്പിക്കുന്നതെന്ന് കോടതി വാദത്തിനിടെ ചോദിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാദത്തിനിടെ നല്‍കിയ മുദ്രവച്ച കവര്‍ കോടതി തുറന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് വരെ നല്കിയ വിവരങ്ങള്‍ ഉടന്‍ പ്രസിദ്ധീകരിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. കോടതിയില്‍ നല്കിയ വിവരങ്ങള്‍ പ്രസിദ്ധീകരിക്കും. നടപ്പാക്കിയില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കി. അതേ സമയം, ആരുടെ ബോണ്ട് എത് രാഷ്ട്രീയ പാര്‍ട്ടിക്ക് കിട്ടിയെന്ന വിവരം ഉടന്‍ വരില്ല.
വാദത്തിനിടെ എസ്ബിഐയെ സുപ്രീം കോടതി രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചു. കേസില്‍ സുപ്രീംകോടതി വിധി പറഞ്ഞിട്ട് 26 ദിവസം കഴിഞ്ഞു. ഇത് വരെ എന്ത് ചെയ്യുകയായിരുന്നുവെന്നും എന്തിന് സമയം വൈകിപ്പിച്ചെന്നും കോടതി ചോദിച്ചു. ഇലക്ടറല്‍ ബോണ്ടുകള്‍ നല്‍കുന്നത് നിര്‍ത്തിവച്ചുവെന്നും പൂര്‍ണ്ണവിവരം നല്‍കുന്നതിന് സമയം വേണമെന്നായിരുന്നു എസ്ബിഐയ്ക്കായി ഹാജരായ ഹരീഷ് സാല്‍വേ കോടതിയെ അറിയിച്ചത്.
ഇതോടെ വിധി വന്ന 26 ദിവസം കൊണ്ട് എന്താണ് ബാങ്ക് ഇതുവരെ ചെയ്തതെന്ന് കോടതി ആരാഞ്ഞു. അതിനെ കുറിച്ച് ഹര്‍ജിയില്‍ ഒന്നും പറയുന്നില്ലല്ലോ എന്നും കോടതി ചോദിച്ചു. സാങ്കേതികത്വമല്ല. ഉത്തരവ് അനുസരിക്കുകയാണ് വേണ്ടത്. എസ്ബിഐയില്‍ നിന്ന് ആത്മാര്‍ത്ഥത പ്രതീക്ഷിക്കുന്നുവെന്നും കോടതി സൂചിപ്പിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ രഹസ്യരേഖയായി നല്‍കിയത് പരസ്യപ്പെടുത്താനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. 2019 ഏപ്രില്‍ 12 മുതല്‍ 2024 ഫെബ്രുവരി 15 വരെ 22,217 തിരഞ്ഞെടുപ്പു കടപ്പത്രങ്ങള്‍ വിതരണം ചെയ്തുവെന്ന് എസ്ബിഐ അപേക്ഷയില്‍ വ്യക്തമാക്കുന്നു. വിവരങ്ങള്‍ ക്രോഡീകരിക്കാന്‍ കോടതി നിശ്ചയിച്ചു നല്‍കിയ മൂന്നാഴ്ച മതിയാകില്ലെന്നും എസ്ബിഐ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page