കാസര്‍കോട്: മഹാശിവരാത്രി ആഘോഷങ്ങള്‍ക്ക് ഭക്തി നിര്‍ഭരമായ തുടക്കം. ശിവക്ഷേത്രങ്ങളിലെല്ലാം ഇന്ന് വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ജില്ലയില്‍ കാസര്‍കോട് മല്ലികാര്‍ജ്ജുന ക്ഷേത്രം ഗുഡ്ഡെ മഹാലിംഗേശ്വര ക്ഷേത്രം, ബേളൂര്‍ ശിവക്ഷേത്രം, കാഞ്ഞങ്ങാട് പൂങ്കാവനം ശിവക്ഷേത്രം, പെര്‍ഡാല ഉദിനേശ്വര ക്ഷേത്രം, നീലേശ്വരം തളിയില്‍ നീലകണ്‌ഠേശ്വര ക്ഷേത്രം, പിലിക്കോട് മട്ടലായി ശിവക്ഷേത്രം, മണിയറ ശിവക്ഷേത്രം എന്നിവിടങ്ങളിലാണ് പ്രധാനമായും മഹാശിവരാത്രി ആഘോഷം നടക്കുന്നത്. പരമശിവനുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് മഹാശിവരാത്രി. ഹൈന്ദവ വിശ്വാസ പ്രകാരം ശിവന്റെ രാത്രിയാണ് ശിവരാത്രി. മംഗളകരമായ രാത്രി എന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്. കൂവളത്തിന്റെ ഇലകള്‍ അര്‍പ്പിക്കുന്നതും ഉപവാസം അനുഷ്ഠിക്കുന്നതും രാത്രി ഉറക്കമിളക്കുന്നതും പഞ്ചാക്ഷരീ മന്ത്രമായ ‘ഓംനമഃശിവായ’ ജപിക്കുന്നതും ശിവപൂജ ചെയ്യുന്നതുമൊക്കെയാണ് ശിവരാത്രി ദിവസത്തെ പ്രധാന ആചാരങ്ങള്‍. ശിവരാത്രി ദിവസം പിതൃബലി അര്‍പ്പിക്കുന്നത് ഏറ്റവും പുണ്യകര്‍മ്മമാണെന്നും വിശ്വാസമുണ്ട്. സംസ്ഥാനത്ത് ആലുവ, മണപ്പുറത്ത് നടക്കുന്ന പിതൃബലി പ്രസിദ്ധമാണ്.
