വാഷിങ്ടണ്‍: മാധ്യമ ഭീമനും ശതകോടീശ്വരനുമായ റൂപര്‍ട്ട് മര്‍ഡോക്ക് 92ാം വയലസില്‍ അഞ്ചാം വിവാഹത്തിന് ഒരുങ്ങുന്നു. 67 കാരിയായ എലിന സുക്കോവ എന്ന മുന്‍ ശാസ്ത്രജ്ഞയാണ് വധു. മോളിക്യൂലാര്‍ ബയോളജിസ്റ്റാണ് എലീന സുക്കോവ. ഫോക്സ് ന്യൂസ് ചാനലും വാള്‍സ്ട്രീറ്റ് ജേര്‍ണലുമുള്‍പ്പെടെയുള്ള മാധ്യമങ്ങളുടെ ഉടമസ്ഥരായ ഫോക്സ് കോര്‍പറേഷന്റെ മുന്‍ ചെയര്‍മാനായിരുന്നു മര്‍ഡോക്. ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞതായി അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. അതേസമയം ഇത് റൂപര്‍ട്ട് മര്‍ഡോക്കിന്റെ ആറാം വിവാഹ നിശ്ചയമാണ്. കാലിഫോര്‍ണിയയിലെ മൊറാഗയിലുള്ള അദ്ദേഹത്തിന്റെ മുന്തിരിതോട്ടത്തിലായിരിക്കും വിവാഹ ചടങ്ങുകള്‍. കഴിഞ്ഞ ഓഗസ്റ്റില്‍ തന്നെ ഇവരുവരും പ്രണയബന്ധത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ കാമുകിയായിരുന്ന 66 കാരി ആന്‍ ഡെസ്ലി സ്മിതുമായി മര്‍ഡോക്കിന്റെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. എന്നാല്‍ വിവാഹിതരാകുന്നു എന്ന പ്രഖ്യാപനം കഴിഞ്ഞ് ഒരുമാസം പിന്നിടും മുന്‍പ് തന്നെ ഇരുവരും വിവാഹത്തില്‍ നിന്ന് പിന്മാറുകയാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
മൂന്നാമത്തെ മുന്‍ ഭാര്യ വെന്‍ഡി ഡെങ് സംഘടിപ്പിച്ച ചടങ്ങിലാണ് റൂപര്‍ട്ടും എലിനയും കണ്ടുമുട്ടിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നാലാമത് വിവാഹം ചെയ്ത നടിയും മോഡലുമായ ജെറി ഹാളുമായുള്ള ബന്ധം ആറുവര്‍ഷത്തിന് ശേഷം 2022 ലാണ് അവസാനിപ്പിച്ചത്. ആസ്ട്രേലിയന്‍ ഫ്ലൈറ്റ് അറ്റന്റന്റ് പെട്രീഷ്യ ബുക്കറാണ് ആദ്യ ഭാര്യ. സ്‌കോട്ടിഷ് മാധ്യമപ്രവര്‍ത്തക അന്ന മര്‍ഡോക്ക് മന്‍ രണ്ടാം ഭാര്യയാണ്. 14 വര്‍ഷത്തെ വിവാഹ ബന്ധത്തിന് ശേഷം 2013 ലാണ് മര്‍ഡോക്കും വെന്‍ഡി ഡെങ്ങും വേര്‍പിരിയുന്നത്. ലോസ് ആഞ്ചല്‍സിലെ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലുള്ള മെഡിക്കല്‍ റിസര്‍ച്ച് യൂണിറ്റിലായിരുന്നു എലീന ശാസ്ത്രജ്ഞയായി ജോലി ചെയ്തിരുന്നത്. എലീനയ്ക്ക് ആദ്യ വിവാഹത്തില്‍ ഒരു മകളുണ്ട്, ഡാഷ സുക്കോവ. റഷ്യന്‍ അമേരിക്കന്‍ വംശജയായ ഡാഷ ആര്‍ട്ട് കളക്ടറാണ്. മൂന്നാം ഭാര്യ വെന്‍ഡി ഡാങ്ങുമായുള്ള ബന്ധത്തില്‍ രണ്ട് കുട്ടികളുണ്ട്.
