അഡ്യനടുക്ക ബാങ്ക് കവര്‍ച്ച; ബായാര്‍ സ്വദേശിയടക്കം 4 പേര്‍ പിടിയില്‍; ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് കവര്‍ന്നത് 2 കിലോ സ്വര്‍ണ്ണവും 17 ലക്ഷം രൂപയും

കാസര്‍കോട്: കര്‍ണ്ണാടക, ബാങ്കിന്റെ അഡ്യനടുക്ക ശാഖയില്‍ നിന്നു കവര്‍ന്നത് രണ്ടു കിലോ സ്വര്‍ണ്ണവും 17 ലക്ഷം രൂപയും. ബാങ്ക് കൊള്ളയടിച്ച കേസില്‍ ബായാര്‍ സ്വദേശിയടക്കം നാലുപേര്‍ പൊലീസ് കസ്റ്റഡിയില്‍.
ഫെബ്രുവരി ഏഴിനു രാത്രിയിലായിരുന്നു പെര്‍ളയില്‍ നിന്നു പത്തു കിലോമീറ്റര്‍ അകലെയുള്ള അഡ്യനടുക്ക ബാങ്കില്‍ കവര്‍ച്ച നടന്നത്. രാത്രി 12 മണിയോടെ കേരള രജിസ്ട്രേഷനിലുള്ള കാറിലെത്തിയ സംഘം ബാങ്കിന്റെ പിന്‍ഭാഗത്തെ ജനല്‍ കമ്പികള്‍ മുറിച്ചാണ് ബാങ്കിനകത്തു കടന്നത്. അത്യാധുനിക രീതിയിലുള്ള ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് ലോക്കര്‍ തകര്‍ത്ത് പണവും സ്വര്‍ണ്ണവും കൊള്ളയടിച്ചത്. എട്ടാം തീയ്യതി രാവിലെ ജീവനക്കാര്‍ ബാങ്ക് തുറക്കാന്‍ എത്തിയപ്പോഴാണ് കൊള്ള നടന്ന സംഭവം അറിഞ്ഞത്. വിട്ല പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നാടിനെ നടുക്കിയ കൊള്ളയുടെ ചുരുളഴിച്ചത്. പെര്‍ള ചെക്കു പോസ്റ്റുവഴി കടന്നു പോയ വാഹനങ്ങളുടെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് കവര്‍ച്ച സംഘത്തെ കുറിച്ച് സൂചന ലഭിച്ചത്. സംഭവം നടന്ന രാത്രി സിഫ്റ്റ് കാര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊള്ള സംഘത്തെ കുറിച്ചുള്ള നാടകീയ വഴിത്തിരിവ് ഉണ്ടായത്. കാസര്‍കോട് സ്വദേശികളായ മൂന്നുപേര്‍ ചേര്‍ന്നാണ് കവര്‍ച്ച നടത്തിയതെന്ന സൂചന നേരത്തെ തന്നെ ലഭിച്ചിരുന്നു. കസ്റ്റഡിയിലായ സംഘത്തിലെ ബായാര്‍ സ്വദേശി സമര്‍ത്ഥനായ ഗ്യാസ് വെല്‍ഡര്‍ ആണ്. ഇയാളുടെ സഹായത്തോടെയാണ് അഡ്യനടുക്ക ബാങ്കില്‍ കൊള്ള നടത്തിയതെന്നാണ് വിവരം. കൊള്ളയടിക്ക് ശേഷം ബായാര്‍ സ്വദേശിയായ വെല്‍ഡറുടെ ധൂര്‍ത്തു ശ്രദ്ധയില്‍പ്പെട്ട ചിലര്‍ രഹസ്യ നിരീക്ഷണം നടത്തിയിരുന്നു. മദ്യലഹരിയിലായ ഇയാളോട് പണത്തിന്റെ സ്രോതസിനെ കുറിച്ച് ചിലര്‍ ചോദിച്ചപ്പോഴാണ് സംഭവം പുറത്തു വിട്ടതെന്നാണ് സൂചന. ഈ വിവരം അറിഞ്ഞ പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊള്ള സംഘത്തിലെ മറ്റുള്ളവരെ കുറിച്ചുള്ള വിവരം ലഭിച്ചത്. കസ്റ്റഡിയിലുള്ള മൂന്നു പേരും കാസര്‍കോട് സ്വദേശികളാണ്. കൂടുതല്‍ വിവരങ്ങള്‍ അറസ്റ്റു രേഖപ്പെടുത്തിയതിനു ശേഷമേ പുറത്തു വിടുകയുള്ളൂവെന്ന് അന്വേഷണ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page