കാസര്‍കോട്: കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ ഏഴാമത് ബിരുദദാന സമ്മേളനം ഈമാസം 11 ന് രാവിലെ 11 ന് നടക്കും. പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടക്കുന്ന പരിപാടിയില്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണ്ണര്‍ ഡോ. സി വി ആനന്ദബോസ് മുഖ്യാതിഥിയാകും. വൈസ് ചാന്‍സിലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. കെ സി രാജു രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി, രജിസ്ട്രാര്‍ ഡോ.എം മുരളീധരന്‍ നമ്പ്യാര്‍, കണ്‍ട്രോളര്‍ ഓഫ് എക്സാമിനേഷന്‍സ് ഡോ. ആര്‍ ജയപ്രകാശ് സര്‍വ്വകലാശാലയുടെ കോര്‍ട്ട് അംഗങ്ങള്‍ സംബന്ധിക്കും.
2023 ല്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ ബിരുദദാന സമ്മേളനമാണ് നടക്കുന്നത്. 957 വിദ്യാര്‍ത്ഥികളാണ് ബിരുദം ഏറ്റുവാങ്ങാനുള്ളത്. ഇതില്‍ 737 പേര് നേരിട്ട് പങ്കെടുക്കാം. ഇവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 40 പേര്‍ക്ക് ബിരുദവും 843 പേര്‍ക്ക് ബിരുദാനന്തര ബിരുദവും 58 പേര്‍ക്ക് പി എച്ച് ഡി ബിരുദവും 16 പേര്‍ക്ക് പി ജി ഡിപ്ലോമ ബിരുദവും നല്‍കും.
പരമ്പരാഗത വേഷത്തിലാണ് വിശിഷ്ടാതിഥികളും വിദ്യാര്‍ത്ഥികളും അധ്യാപകരും പരിപാടിയില്‍ പങ്കെടുക്കുക. ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്വര്‍ണ്ണ മെഡല്‍ നല്‍കും. കൊമേഴ്സ് ആന്റ് ഇന്റര്‍ നാഷണല്‍ ബിസിനസ് മാനേജ്മെന്റ് സ്റ്റഡീസ് മാത്തമാറ്റിക്സ് എന്നീ വകുപ്പുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് മെഡല്‍ നല്‍കുക. വരും വര്‍ഷങ്ങളില്‍ മുഴുവന്‍ പഠന വകുപ്പുകളിലും ഗോള്‍ഡ് മെഡല്‍ ഏര്‍പ്പെടുത്തുന്നതിനുള്ള ശ്രമത്തിലാണ് സര്‍വ്വകലാശാലയെന്ന് വൈസ് ചാന്‍സിലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. കെ സി ബൈജു, രജിസ്ട്രാര്‍ ഡോ. എം മുരളീധരന്‍ നമ്പ്യാര്‍, കണ്‍ട്രോളര്‍ ഓഫ് എക്സാമിനേഷന്‍സ്, ഡോ. ആര്‍ ജയപ്രകാശ്, ഡീന്‍ അക്കാദമിക് പ്രൊഫ. അമൃത് ജി കുമാര്‍, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ കെ സുജിത് തുടങ്ങിയവര്‍ പറഞ്ഞു.
