രണ്ടു വയസ്സുകാരിയെ തട്ടികൊണ്ട് പോയ പ്രതി മുൻപും സമാന കൃത്യം ചെയ്തു;പ്രതിക്കെതിരെ പോക്സോ വകുപ്പനുസരിച്ച് കേസ്

തിരുവനന്തപുരം : പേട്ടയില്‍ നാടോടി ദമ്പതികളുടെ രണ്ടുവയസുകാരിയായ കുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ച സംഭവത്തില്‍ പ്രതി ഹസൻ മാസങ്ങള്‍ക്ക് മുൻപും സമാന കുറ്റം ചെയ്‌തെന്ന് പൊലീസ് കണ്ടെത്തി.കൊല്ലം പോളയത്തോടില്‍ വഴിയരികില്‍ കിടന്നുറങ്ങിയ നാടോടികളുടെ കുട്ടിയെ തട്ടിയെടുക്കാൻ ശ്രമിക്കവെ ഇയാള്‍ കാല്‍തട്ടി വീഴുകയും തുടർന്ന് നാടോടികള്‍ ഹസനെ പിടികൂടി മർദ്ദിക്കുകയും ചെയ്തു. ഇതിനിടെ പൊലീസ് സ്ഥലത്തെത്തിയെങ്കിലും നാടോടികള്‍ പരാതി നല്‍കാത്തതിനാല്‍ പ്രതി സ്ഥലം വിടുകയായിരുന്നു.

ഇന്ന് പ്രതിയെ കോടതിയില്‍ ഹാജരാക്കും. കുട്ടിയെ ഉപേക്ഷിച്ച്‌ കടന്ന ബ്രഹ്‌മോസിന് സമീപത്തടക്കം ഹസനെ തെളിവെടുപ്പിന് എത്തിച്ചേക്കും. ഇയാള്‍ക്കെതിരെ പൊലീസ് പോക്‌സോ, വധശ്രമം അടക്കം വകുപ്പുകളും ചുമത്തിയിട്ടുണ്ട്. പ്രതിയെ റിമാൻഡ് ചെയ്‌ത ശേഷവും കസ്റ്റഡിയില്‍ ലഭിക്കാൻ പൊലീസ് അപേക്ഷ നല്‍കും. നിലവില്‍ ഇയാള്‍ തട്ടിയെടുത്ത രണ്ട് വയസുകാരിയും സഹോദരങ്ങളും സിഡബ്ളുസിയില്‍ സംരക്ഷണത്തിലാണ്. ഇവരെ മാതാപിതാക്കള്‍ക്ക് വിട്ടുനല്‍കാനുള്ള നടപടിയും പൊലീസ് സ്വീകരിക്കും.

ഇന്നലെ രാവിലെയോടെ കൊല്ലത്തുനിന്നുമാണ് പൊലീസ് പേട്ട സംഭവത്തിലെ പ്രതി ഹസൻകുട്ടി(കബീർ)യെ പിടികൂടിയത്. സംഭവദിവസം ഇയാള്‍ ധരിച്ചിരുന്ന അതേ വസ്‌ത്രമാണ് കഴിഞ്ഞദിവസവും ധരിച്ചിരുന്നത്. തട്ടിയെടുത്ത് പോകവെ കുട്ടി ഉറക്കെ കരഞ്ഞതായും ഇതോടെ വായ പൊത്തിപിടിച്ചെന്നുമാണ് പ്രതി പൊലീസിനെ അറിയിച്ചത്. ഇതിനിടെ കുട്ടി മരിച്ചെന്ന് കരുതിയാണ് ഓടയില്‍ ഉപേക്ഷിച്ച്‌ കടന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page