കോഴിക്കോട്:കോഴിക്കോട് എൻ.ഐ.ടി യിൽ അധ്യാപകന് കുത്തേറ്റു. സിവിൽ എഞ്ചിനീയറിംഗ് പ്രൊഫസർ ജയചന്ദ്രനാണ് കുത്തേറ്റത്. തമിഴ്നാട് സേലം സ്വദേശി വിനോദാണ് അധ്യാപകനെ കത്തികൊണ്ട് കുത്തിയത്.പ്രതിയെ കുന്ദമംഗലം പൊലീസ് കസ്റ്റഡിയിൽ എടുത്തു. അധ്യാപകന്റെ പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സർട്ടിഫിക്കറ്റ് നൽകാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് വിവരം. അതിനിടെ മലയാളം പത്രങ്ങൾക്ക് വിലക്കേർപ്പെടുത്തിയതിനെതിരെ എൻ ഐടി യിലേക്ക് ഇന്ന് ഇടതു സംഘടനകൾ മാർച്ചിന് ആഹ്വാനം ചെയ്തിരുന്നു. ദേശാഭിമാനിയുൾപ്പടെയുള്ള പത്രങ്ങൾക്കാണ് ക്യാമ്പസിൽ വിലക്കേർപ്പെടുത്തിയത്. ലൈബ്രറി , ഗസ്റ്റ് ഹൗസ് എന്നിവിടങ്ങളിൽ പത്രമിടുന്നതിനാണ് വിലക്ക് ഏർപ്പെടുത്തിയത്. മാതൃഭൂമി , മലയാള മനോരമ പത്രങ്ങളെ വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.