കാഞ്ഞങ്ങാട്: മാണിക്കോത്ത് കട്ടീല്‍ വളപ്പ് തറവാട്ടില്‍ നടക്കുന്ന
വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവ ആവശ്യത്തിലേക്കായി കൃഷി ചെയ്ത നെല്‍കൃഷിയുടെ വിളവെടുപ്പിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു എത്തി. അരിവാളുമായി മന്ത്രിയും ജനപ്രതിനിധികളും വയലിലിറങ്ങിയത് കണ്ടുനില്‍ക്കുന്നവര്‍ക്ക് ആവേശമായി. കൊയ്ത്തുല്‍സവം മന്ത്രി തന്നെ ഉദ്ഘാടനം ചെയ്തു. കൊയ്‌തെടുത്ത നെല്ല് കൂവം അളക്കുന്നതിനും മഹോത്സവ നാളുകളിലെ അന്നദാനത്തിനുമായി ഉപയോഗിക്കും. ഏപ്രില്‍ 8 മുതല്‍12 വരെയാണ് മാണിക്കോത്ത് കട്ടീല്‍ വളപ്പ് തറവാട്ടില്‍ വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവം. വിളവെടുപ്പ് പരിപാടിയില്‍ മഹോത്സവ കമ്മിറ്റി ചെയര്‍മാന്‍ ഐശ്വര്യ കുമാരന്‍ അധ്യക്ഷനായി. രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി, ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളായി. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ, വാര്‍ഡംഗം ഷക്കീല ബദറുദ്ദീന്‍, കൃഷി ഓഫീസര്‍ സന്തോഷ് ചാലില്‍, ഉത്തരമലബാര്‍ തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതി ചെയര്‍മാന്‍ രാജന്‍ പെരിയ, കൊട്ടന്‍ കുഞ്ഞി അടോട്ട്, രാഘവന്‍ പള്ളത്തിങ്കാല്‍, എ.ബാലകൃഷ്ണന്‍ മാണിക്കോത്ത്, മാണിക്കോത്ത് മുസ്ലിം ജമാഅത്ത് കമ്മിറ്റി ട്രഷറര്‍ എം. എന്‍. ഇസ്മായില്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സി. യൂസഫ് ഹാജി, പ്രസ് ഫോറം പ്രസിഡണ്ട് ടി. കെ.നാരായണന്‍ സംബന്ധിച്ചു. മഹോത്സവ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ വി.വി. കെ.ബാബു സ്വാഗതവും ട്രഷറര്‍ എം. കെ. നാരായണന്‍ നന്ദിയും പറഞ്ഞു.
