കല്‍പ്പറ്റ: പൂക്കോട് വെറ്റിനറി സര്‍വ്വകലാശാല ക്യാമ്പസിലെ വിദ്യാര്‍ത്ഥി ജെ.എസ്.സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ മുഖ്യ പ്രതി പിടിയില്‍. അഖില്‍ എന്നയാളാണ് അറസ്റ്റിലായത്.
ഇയാളെ പാലക്കാട്ടു നിന്നാണ് അറസ്റ്റു ചെയ്തത്. എസ്.എഫ്.ഐ പ്രവര്‍ത്തകനാണ് ഇയാള്‍.
രണ്ടാംവര്‍ഷ ബി.വി.എസ്.സി വിദ്യാര്‍ത്ഥി തിരുവനന്തപുരം, നെടുമങ്ങാട് സ്വദേശി ജെ.എസ്.സിദ്ധാര്‍ത്ഥന്‍ (20) ആണ് മരണപ്പെട്ടത്. ആള്‍ക്കൂട്ട വിചാരണയും ക്രൂരമര്‍ദ്ദനവും മാനസികമായ പീഡനങ്ങളും നേരിട്ടതാണ് മരണത്തിനു ഇടയാക്കിയത്. ഈ മാസം 14 മുതല്‍ 18ന് ഉച്ചവരെ സിദ്ധാര്‍ത്ഥന്‍ ക്രൂര മര്‍ദ്ദനത്തിനു ഇരയായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഭയം കാരണം ഇക്കാര്യം ആദ്യം ആരും പുറത്തു പറഞ്ഞില്ല.
ഹോസ്റ്റലിലെ 130 വിദ്യാര്‍ത്ഥികളുടെ മുന്നില്‍ നഗ്നനാക്കിയ ശേഷമായിരുന്നു മര്‍ദ്ദനം. രണ്ടു ബെല്‍റ്റുകള്‍ മുറിയുന്നതു വരെയും തുടര്‍ന്ന് ഇരുമ്പു കമ്പിയും വയറുകളും ഉപയോഗിച്ച് മര്‍ദ്ദിച്ചതായും പുറത്തു പറഞ്ഞാല്‍ കൊന്നു കളയുമെന്നും ഭീഷണി മുഴക്കിയതായും പറയുന്നു. തൊട്ടു പിന്നാലെയാണ് സിദ്ധാര്‍ത്ഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ ആറുപേരെ അറസ്റ്റു ചെയ്തു. ഒളിവില്‍ പോയ മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.