ബേക്കൽ എസ് ഐ ആയിരുന്ന എം.രാജേഷിനെ പുഴമണൽ കയറ്റിവന്ന പിക്കപ്പ് വാൻ കൊണ്ടിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതിക്ക് 15 വർഷം കഠിന തടവും,25000 രൂപ പിഴയും ശിക്ഷ വിധിച്ചു. പൂച്ചക്കാട് റഹ്മത്ത് റോഡിൽ ബിസ്മില്ല മൻസിൽ പി. ജലീൽ (39) നെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജ് (3) എ.വി ഉണ്ണികൃഷ്ണൻ ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കിൽ 15 മാസം അധികതടവും അനുഭവിക്കണം. കഴിഞ്ഞ വർഷം ഫെബ്രുവരി 7നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. രാത്രി കല്ലിങ്കലിൽ വെച്ച് അനധികൃത മണൽ കടത്ത് തടയാൻ ശ്രമിച്ചപ്പോഴാണ് ബേക്കൽ എസ്.ഐ ആയിരുന്ന എം. രാജേഷിനെ മണൽ കയറ്റിവന്ന വാഹനം കൊണ്ടിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഹോസ്ദുർഗ് ഇൻസ്പെക്ടർമാരായിരുന്ന പി.കെ സുധാകരനും ടി.പി സുമേഷും ആണ് കേസ് അന്വേഷിച്ചത്. തുടർരന്വേഷിച്ച യു.പ്രേമനാണ് പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി കെ.ബാലകൃഷ്ണൻ, ജി.ചന്ദ്രമോഹൻ എന്നിവർ ഹാജരായി.