കാസര്‍കോട്: ലഹരി മാഫിയ ഒരുക്കുന്ന ചതിക്കുഴികളില്‍ പെടാതെ വിദ്യാര്‍ത്ഥികളെയും യുവജനങ്ങളെയും സംരക്ഷിക്കാന്‍ രക്ഷിതാക്കളുടെ പിന്തുണ തേടി ഹോസ്ദുര്‍ഗ് ജനമൈത്രി പൊലീസ്. ഇതിന്റെ ഭാഗമായി സ്‌റ്റേഷന്‍ പരിധിയിലെ അങ്കണ്‍വാടികള്‍ കേന്ദ്രീകരിച്ച് രക്ഷിതാക്കളുടെ സംവാദ സദസ്സുകള്‍ക്ക് തുടക്കമായി. കരുവളം അങ്കണ്‍വാടിയില്‍ നടന്ന സംവാദ സദസ്സില്‍ ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസര്‍ കെ.രഞ്ജിത്ത് കുമാര്‍ വിഷയാവതരണം നടത്തി. അധ്യാപിക പി.കെ.അനിത, ബീറ്റ് ഓഫീസര്‍ ടി.വി.പ്രമോദ് എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികളും യുവജനങ്ങളും മൊബൈല്‍ ഫോണിന്റെയും ലഹരി മാഫിയയുടെയും സ്വാധീനവലയത്തില്‍ പെടുന്ന സാഹചര്യത്തിലാണ് പൊലീസ് ഇത്തരം ഒരു സംവാദ സദസ്സിന് തുടക്കം കുറിച്ചതെന്ന് ഇന്‍സ്‌പെക്ടര്‍ എം.പി.ആസാദ് പറഞ്ഞു. രാത്രി കാലങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ഇരുചക്രവാഹനങ്ങളില്‍ കറങ്ങുന്നതും കേസുകളില്‍പ്പെടുന്നതും പൊലീസ് ഗൗരവത്തോടെയാണ് കാണുന്നത്. വരും ദിവസങ്ങളില്‍ സ്റ്റേഷന്‍ പരിധിയില്‍ ഉടനീളം ഇത്തരം സംവാദ സദസ്സുകള്‍ സംഘടിപ്പിക്കുവാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.