രൺജിത്ത് ശ്രീനിവാസൻ വധക്കേസ്; വധശിക്ഷക്കെതിരെ 4 പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു

കൊച്ചി:ബിജെപി നേതാവ് അഡ്വക്കറ്റ് രണ്‍ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ വധശിക്ഷക്കെതിരെ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചു. ഒന്ന് മുതല്‍ നാല് വരെയുള്ള പ്രതികളായ നൈസാം, അജ്മല്‍, അനൂപ്, മുഹമ്മദ് അസ്ലം എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. അപ്പീലില്‍ സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചു. ഹര്‍ജി മാര്‍ച്ച് 13ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.
മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. ഇത് ചോദ്യം ചെയ്താണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അതേസമയം, പ്രതികളുടെ വധശിക്ഷ ശരിവെക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതി നടപടി ആരംഭിച്ചു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്ന് നിരീക്ഷിച്ചാണ് 15 പ്രതികള്‍ക്കും കോടതി വധശിക്ഷ വിധിച്ചത്.
2021 ഡിസംബർ 19 നാണ് ആലപ്പുഴ വെള്ളക്കിണറുള്ള വീട്ടിൽ അതിക്രമിച്ചു കയറിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിൽ വച്ച് രൺജിത്തിനെ കൊലപ്പെടുത്തിയത്. കേസിൽ പതിനഞ്ച് പ്രതികൾക്കും മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചിരുന്നു. മറ്റ് വകുപ്പുകളിൽ ജീവപര്യന്തം തടവും പിഴയും കോടതി വിധിച്ചു. 15 പ്രതികളും കുറ്റക്കാരാണെന്നും പ്രതികൾ ദയ അർഹിക്കുന്നില്ലെന്നും മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page