കാസര്‍കോട്: പൈവളിഗെയില്‍ ഒരു കുടുംബത്തിലെ നാലു പേരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെറുതെ വിട്ടു. പ്രതിക്ക് മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ നല്‍കാനും കോടതി ഉത്തരവായി. പൈവളിഗെ, സുദമ്പളയിലെ ഉദയ (45)നെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍ കോടതി (മൂന്ന്) വെറുതെ വിട്ടു കൊണ്ടു ഉത്തരവായത്. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പൈവളിഗെ, സുദമ്പളയിലെ രേവതി (75), വിട്ട്‌ല (75), ബാബു (68), സദാശിവ എന്നിവരെ കൊലപ്പെടുത്തിയെന്നാണ് കേസ്. 2020 ആഗസ്ത് മൂന്നിനു വൈകിട്ടാണ് നാടിനെ നടുക്കിയ കൂട്ടക്കൊല നടന്നത്. മാതാവ് ലക്ഷ്മിക്കൊപ്പമാണ് ഉദയന്‍ താമസിച്ചിരുന്നത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ഉദയന്‍ കുടുംബപരമായ തര്‍ക്കത്തെ തുടര്‍ന്ന് പ്രകോപിതനായി വരാന്തയില്‍ വച്ചിരുന്ന മഴു കൊണ്ടു നാലു പേരെയും വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ലക്ഷ്മിയെയും വെട്ടാന്‍ ശ്രമിച്ചുവെങ്കിലും ഓടി രക്ഷപ്പെടുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികളാണ് മൃതദേഹങ്ങള്‍ കണ്ടത്. വിട്ടലയും ബാബുവും സദാശിവയും ബാബുവിന്റെ അമ്മാവന്മാരും രേവതി മാതൃസഹോദരിയുമാണ്.