കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. തിങ്കളാഴ്ച എഐസിസി നേതൃത്വമാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. ജില്ലാ- സംസ്ഥാന നേതാക്കളുടെ സമ്മര്‍ദ്ദത്തെതുടര്‍ന്നാണ് സുധാകരനെ വീണ്ടും മത്സരിപ്പിക്കാന്‍ എഐസിസി തീരുമാനമെടുത്തത്. ഇക്കുറി കണ്ണൂരില്‍ നിന്നും മത്സരിക്കാന്‍ ഇല്ലെന്ന് കെ സുധാകരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കെപിസിസി പ്രസിഡന്റ് പദവിയും എംപി സ്ഥാനവും ഒരുപോലെ കൊണ്ടുപോകാന്‍ കഴിയുന്നില്ലെന്നും ഇരട്ടപ്പദവി വേണ്ടെന്നും സുധാകരന്‍ വ്യക്തമാക്കിയിരുന്നു. പലതവണ ജില്ലാ നേതാക്കള്‍ സുധാകരനോട് തീരുമാനം പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും അദ്ദേഹം വഴങ്ങിയിരുന്നില്ല. സുധാകരന്‍ മത്സരിക്കാത്ത സാഹചര്യത്തില്‍ കണ്ണൂര്‍ സീറ്റിനുവേണ്ടി ലീഗ് വലിയ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. മൂന്നാം സീറ്റ് ആവശ്യം ഉന്നയിച്ചപ്പോഴാണ് കണ്ണൂര്‍ മണ്ഡലത്തിനായി മുസ്ലിംലീഗ് ആവശ്യം ഉന്നയിച്ചത്. എന്നാല്‍, ഈ ആവശ്യത്തോട് കോണ്‍ഗ്രസ് മുഖം തിരിച്ചിരുന്നു. കണ്ണൂര്‍, ആലപ്പുഴ സീറ്റുകളുടെ കാര്യത്തിലായിരുന്നു കോണ്‍ഗ്രസില്‍ അനിശ്ചിതത്വം നിലനിന്നിരുന്നത്. ഇതില്‍ കണ്ണൂരില്‍ സുധാകരന്‍ തന്നെ മത്സരിക്കട്ടെ എന്ന തീരുമാനം കൂടി വന്നതോടെ ആലപ്പുഴയുടെ കാര്യത്തില്‍ മാത്രമാണ് ഇനി തീരുമാനം വരേണ്ടതുള്ളത്.
