ന്യൂഡൽഹി∙ ഗ്യാൻവാപി പള്ളി സമുച്ചയത്തില്‍ ഹിന്ദുവിഭാഗത്തിന് ആരാധന തുടരാമെന്ന് അലഹബാദ് ഹൈക്കോടതി. പൂജ അനുവദിച്ചതിനെ ചോദ്യം ചെയ്തുള്ള പള്ളിക്കമ്മറ്റിയുടെ ഹർജിയിലാണ് അലഹാബാദ് ഹൈക്കോടതി വിധി. ജനുവരി 31–നാണ് ഗ്യാൻവാപി പള്ളിൽ പൂജ നടത്താൻ വാരാണസി ജില്ലാ കോടതി അനുമതി നൽകിയത്.
തൻ്റെ മുത്തച്ഛൻ സോമനാഥ് വ്യാസ് 1993 ഡിസംബർ വരെ അവിടെ പൂജ നടത്തിയിരുന്നു എന്ന് കാണിച്ച് ശൈലേന്ദ്ര കുമാർ പാഠക് എന്ന വ്യക്തിയാണ് ഹർജി നൽകിയത്. പാരമ്പര്യമായി പൂജ ചെയ്തുവരുന്ന തന്നെ തെഹ്ഖാനയ്ക്കുള്ളിൽ പ്രവേശിക്കാനും പൂജ തുടരാനും അനുവദിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ഹർജിയിൽ പൂജ നടത്താന്‍ വാരാണസി ജില്ലാ കോടതി അനുമതി നല്‍കി. ഇതിനെതിരെ മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അലഹബാദ് ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് മസ്ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജിയില്‍ വാദം കേട്ടശേഷമാണ് അലഹബാദ് ഹൈക്കോടതി തള്ളിയത്.
ഗ്യാൻവാപിയെ കുറിച്ചുള്ള ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ റിപ്പോർട്ട് പുറത്തുവന്നതിന് പിറകേയായിരുന്നു വാരാണി ജില്ലാകോടതിയുടെ ഉത്തരവ്. ഔറംഗസേബിന്റെ ഭരണകാലത്ത് ഹിന്ദുക്ഷേത്രത്തിന്റെ മുകളിലാണ് പള്ളി പണിതതെന്നായിരുന്നു എഎസ്ഐ സർവേ റിപ്പോർട്ട്. 1993 വരെ നിലവറകളില്‍ പൂജ നടത്തിയിരുന്നു എന്ന ഹൈന്ദവ വിഭാഗങ്ങളുടെ വാദം വാരണാസി ജില്ലാ കോടതി അംഗീകരിച്ചിരുന്നു. എന്നാല്‍, മസ്ജിദിന്റെ എല്ലാ ഭാഗങ്ങളും തങ്ങളുടെ അവകാശത്തില്‍പ്പെട്ടതാണെന്നും കഴിഞ്ഞ 30 വര്‍ഷമായി പൂജ നടക്കാത്ത സ്ഥലത്ത് പൂജ നടത്താന്‍ അനുമതി നല്‍കരുതെന്നുമായിരുന്നു മസ്ജിദ് കമ്മിറ്റിയുടെ വാദം.
