തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ത്ഥികളായി. വയനാട്ടില്‍ ആനിരാജ മത്സരിക്കും. മാവേലിക്കരയില്‍ സി എ അരുണ്‍കുമാറും തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രനും മത്സരിക്കും. തൃശൂരില്‍ വി എസ് സുനില്‍കുമാറും മത്സരരംഗത്തുണ്ടാകും. സിപിഐ എക്സിക്യൂട്ടീവിലാണ് തീരുമാനമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മാവേലിക്കര ലോക്‌സഭ മണ്ഡലത്തില്‍ ആരാകും സ്ഥാനാര്‍ത്ഥിയാകുകയെന്നതായിരുന്നു സസ്‌പെന്‍സ്. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉള്‍പ്പെടെ മൂന്നു പേരുടെ സാധ്യത സ്ഥാനാര്‍ത്ഥി പട്ടിക സിപിഐ കൊല്ലം ജില്ലാ കൗണ്‍സില്‍ തയ്യാറാക്കിയിരുന്നു. കോട്ടയം, കൊല്ലം ജില്ലാ കൗണ്‍സിലുകള്‍ ഇന്നലെ ചേര്‍ന്ന യോഗത്തില്‍ അരുണ്‍കുമാറിന്റെ പേര് നിര്‍ദേശിച്ചിരുന്നില്ല. സിപിഐ സംസ്ഥാന നേതൃത്വം പരിഗണിച്ച അഡ്വ. സി എ അരുണ്‍കുമാറിനെ പരിഗണിക്കാതെയും ഉള്‍പ്പെടുത്താതെയുമായിരുന്നു കൊല്ലം ജില്ലാ കൗണ്‍സില്‍ യോഗം സംസ്ഥാന നേതൃത്വത്തിന് പട്ടിക നല്‍കിയത്. അരുണ്‍ കുമാര്‍ സിപിഐ ആലപ്പുഴ ജില്ലാ കൗണ്‍സിലില്‍ അംഗമാണ്. എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗവുമാണ്.
എല്‍ഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് കേരളത്തില്‍ ഉള്ളതെന്ന് ബിനോയ് വിശ്വം പറഞ്ഞു. തദ്ദേശ സ്ഥാനാപനങ്ങളിലേക്ക് നടന്ന അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് നല്ല മേധാവിത്വം നേടാന്‍ കഴിഞ്ഞു. നിലവില്‍ അഞ്ച് വാര്‍ഡുണ്ടായിരുന്ന എല്‍ഡിഎഫ് സീറ്റുനില പത്തായി ഉയര്‍ത്തി. 13 സീറ്റുണ്ടായിരുന്ന യുഡിഎഫിന് പത്തായി ചുരുങ്ങി. ബിജെപിയുടെ നാല് വാര്‍ഡായിരുന്നത് മൂന്നായി. അതുകൊണ്ടുതന്നെ ഇത്തവണ ജനങ്ങളുടെ പിന്തുണ എല്‍ഡിഎഫിന് തന്നെ ലഭിക്കുമെന്ന ശുഭാപ്തി വിശ്വാസം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ അയോദ്ധ്യ നിലപാട് ന്യൂനപക്ഷങ്ങളെ അമര്‍ഷം കൊള്ളിക്കുന്നു. എല്‍ഡിഎഫ് ഐക്യത്തോടെ മുന്നോട്ടുപോയ കാലഘട്ടമാണിത്. സംസ്ഥാനത്ത് എല്‍ഡിഎഫ് ഇക്കുറി നല്ല മുന്നേറ്റം ഉണ്ടാക്കുമെന്നും അതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആയിരിക്കും പ്രചാരണ രംഗത്ത് കൈക്കൊള്ളുകയായെന്നും അദ്ദേഹം പറഞ്ഞു. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പിപി സുനീറും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
