കൊച്ചി: മൂന്നാം സീറ്റ് വേണമെന്ന മുസ്ലീം ലീഗിന്റെ ആവശ്യം ഉഭയകക്ഷിയോഗത്തില്‍ തീരുമാനമായില്ല. ചൊവ്വാഴ്ച ലീഗ് നേതൃത്വം പാണക്കാട് നടക്കുന്ന യോഗത്തിലൂടെ തീരുമാനം യു.ഡിഎഫിനെ അറിയിക്കും. അതേസമയം ചര്‍ച്ച തൃപ്തികരമാണെന്നും മൂന്നാം സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ഇനി ചര്‍ച്ചയുടെ ആവശ്യമില്ലെന്നും 27 ന് കമ്മിറ്റി കൂടി അന്തിമ തീരുമാനം അറിയിക്കുമെന്നും ലീഗ് നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം സീറ്റ് നല്കുന്നതില് കോണ്‍ഗ്രസ് ബുദ്ധിമുട്ടറിയിച്ചുവെന്ന സൂചനയാണ് ലഭിക്കുന്നത്. പകരം രാജ്യസഭാ സീറ്റ് നല്‍കാമെന്ന് അറിയിച്ചതായും വിവരമുണ്ട്. ഇക്കാര്യം ചര്‍ച്ചചെയ്ത് അറിയിക്കാമെന്ന മറുപടിയാണ് ലീഗ് നേതൃത്വം അറിയിച്ചത്.
അതേസമയം മുസ്ലിം ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യത്തില്‍ പ്രതികരിച്ച് സമസ്ത രംഗത്തെത്തി. ലീഗിന് മൂന്ന് സീറ്റല്ല, നാലോ അഞ്ചോ സീറ്റിന് അര്‍ഹതയുണ്ടെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്ത ഒരു സ്ഥാനാര്‍ത്ഥിയെയും നിര്‍ത്തുന്നില്ല. സമസ്തയുടെ പഴയനയം അനുസരിച്ച് മുന്നോട്ട് പോകുമെന്ന് പറഞ്ഞ ജിഫ്രി തങ്ങള്‍ സമസ്തയ്ക്ക് ഒരു സ്ഥാനാര്‍ത്ഥിയുമായും ബന്ധമില്ലെന്നും വ്യക്തമാക്കി.