ദ്വാരകയിലെ കച്ഛ് ഉള്‍ക്കടലില്‍ നിര്‍മിച്ച കേബിള്‍ പാലം ഇന്ത്യയിലെ ഏറ്റവും നീളമുള്ള കേബിള്‍ പാലമാണിത്. ‘സുദര്‍ശന്‍ സേതു’വെന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്. നിരവധി സവിശേഷതകള്‍ ഉണ്ട് ഈ പാലത്തിന്. അത് എന്തൊക്കെയാണ് എന്നറിയാം. ഗുജറാത്തിലെ ദ്വാരകയില്‍ ആണ് സുദര്‍ശന്‍ സേതു എന്ന് അറിയപ്പെടുന്ന പാലം സ്ഥിതി ചെയ്യുന്നത്. ദ്വാരകയിലെ ഓഖയില്‍നിന്ന് ബേത് ദ്വാരക ദ്വീപിലേക്കുള്ള പാലത്തിന് 2.32 കിലോമീറ്റര്‍ നീളമുണ്ട്. അനുബന്ധ റോഡുകള്‍ക്ക് 2.45 മീറ്റര്‍വീതം ദൈര്‍ഘ്യം വരും. 150 മീറ്റര്‍ വീതം ഉയരമുള്ള രണ്ട് ഉരുക്കു ടവറുകളില്‍നിന്നാണ് കേബിളുകള്‍ വലിച്ചിട്ടുള്ളത്. മൂന്ന് സ്പാനുകളും 34 തൂണുകളുമുണ്ട്. 27.2 മീറ്റര്‍ വീതിയുണ്ട്. ഇതില്‍ വാഹനങ്ങള്‍ക്ക് രണ്ടുപാതകളും രണ്ടു കാല്‍നടവീഥികളുമുണ്ട്. നടപ്പാതയുടെ മേല്‍ക്കൂരയില്‍ സൗരോര്‍ജ പാനലുകള്‍ വഴി ഒരു മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. നടപ്പാതയുടെ വശങ്ങളിലായി ഭഗവത് ഗീതയില്‍ നിന്നുള്ള വരികളും കൃഷ്ണന്റെ ചിത്രങ്ങളും ആലേഖനം ചെയ്തിരിക്കുന്നു. തുടക്കത്തില്‍ സിഗ്‌നേച്ചര്‍ പാലം എന്നാണ് പേരു നല്‍കിയിരുന്നത്. പിന്നീട് സുദര്‍ശന്‍ സേതുവെന്ന് പുനര്‍നാമകരണം ചെയ്യുകയായിരുന്നു.
ഭഗവാന്‍ കൃഷ്ണനുമായി ബന്ധപ്പെട്ട് പേരുകേട്ട നഗരമാണ് ദ്വാരക. പ്രസിദ്ധമായ ദ്വാരകാധീശ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.
2017 ഒക്ടോബറില്‍ ആണ് 2.3 കിലോമീറ്റര്‍ നീളമുള്ള പാലത്തിന്റെ തറക്കല്ലിട്ടത്.
ഏറ്റവും നീളം കൂടിയ കേബിള്‍ സ്റ്റേ പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. പഴയ ദ്വാരകയേയും പുതിയ ദ്വാരകയേയും ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായി പാലം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
