കടുവയെ വേട്ടയാടി പല്ലെടുത്തിട്ടുണ്ടെന്നും ആ പല്ലാണ് ധരിച്ചിരിക്കുന്നതെന്നും പ്രസംഗിച്ച് പുലിവാല്‍ പിടിച്ച് ശിവസേന എംഎല്‍എ. ശിവസേന ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം നേതാവും ബുല്‍ധാന എംഎല്‍എയുമായ സഞ്ജയ് ഗെയ്ക്വാദാണ് പ്രസംഗിച്ച് വെട്ടിലായത്. 1987 ല്‍ താന്‍ ഒരു കടുവയെ വേട്ടയാടിയെന്നും അതിന്റെ പല്ലാണ് കഴുത്തില്‍ അണിഞ്ഞിരിക്കുന്നതെന്നുമായിരുന്നു എംഎല്‍എയുടെ വിവാദ പ്രസംഗം. പ്രസംഗം കേട്ട് അണികള്‍ കൂട്ടത്തോടെ കയ്യടിച്ചുവെങ്കിലും എംഎല്‍എ ഒടുക്കം കുടുങ്ങി. പ്രസംഗത്തിന്റെ വീഡിയോ സാമൂഹ്യമാധ്യങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ഇത് ശ്രദ്ധയില്‍പെട്ട വനംവകുപ്പ് സ്വമേധയാ കേസെടുക്കുകയായിരുന്നു. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് എംഎല്‍എയ്‌ക്കെതിരെ കേസെടുത്തത്. എംഎല്‍എ കഴുത്തിലണിഞ്ഞിരുന്ന ‘കടുവാപ്പല്ല്’ ഫോറന്‍സിക് പരിശോധനക്കായി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇതിന്റെ ഫലം വന്ന ശേഷമാകും മറ്റ് നടപടികള്‍. പ്രസംഗം സത്യമാണോയെന്നും കടുവാപ്പല്ല് യഥാര്‍ഥമാണോയെന്നും പരിശോധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കടുവാപ്പല്ലാണെന്ന് തെളിഞ്ഞാല്‍ 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം എംഎല്‍എക്കെതിരെ കൂടുതല്‍ നടപടികള്‍ സ്വീകരിക്കും.
